
ദോഹ: വിസ വ്യാപാരം നടത്തുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ കമ്പനികൾ രൂപീകരിച്ച് വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒമ്പത് (9) പ്രതികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് പിടികൂടി.
വിസ വ്യാപാരം നടത്തുക എന്ന ഉദ്ദേശത്തോടെ വ്യാജ കമ്പനികൾ സൃഷ്ടിച്ച ശേഷം, ലാഭം നേടാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി പൗരന്മാരെ കബളിപ്പിച്ച് പണം വാങ്ങി തട്ടിപ്പിൽ ഏർപ്പെട്ടു വരികയായിരുന്നു ഇവർ. അറസ്റ്റിലായ 9 പേർ അറബ്, ഏഷ്യൻ പൗരന്മാരിൽ പെട്ടവരാണ്.
പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിർദ്ദിഷ്ട ഡോക്യുമെന്റ് ക്ലിയറൻസ് ഓഫീസുകൾ വഴിയും ഇവരുടെ അനധികൃത പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ്.
പിന്നീട് ഇവരുടെ വസതികളിലും ജോലിസ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ 190,000 ഖത്തർ റിയാലിൽ കൂടുതൽ പണം കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.
കൂടാതെ, വ്യാജ കമ്പനി രേഖകൾ, വാടക കരാറുകൾ, ഖത്തർ പൗരന്മാരുടെ ഐഡി കാർഡുകൾ, പ്രീപെയ്ഡ് ബാങ്ക് കാർഡുകൾ, വിസ വിറ്റ പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.
ഈ വിഷയത്തിൽ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനായി പ്രതികളെ നിലവിൽ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi