തങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങളിൽ രണ്ട് പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് ഓണ്ലൈൻ ആയി പുതുക്കാനും റദ്ദാക്കാനും പുതിയ സംവിധാനം വഴി സാധിക്കും.
പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമാണ് ഈ അപ്‌ഡേറ്റ് എന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളും തൊഴിലുടമകളും അവരുടെ ലൈസൻസുകൾ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും ഇലക്‌ട്രോണിക് രീതിയിൽ പുതുക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.
പുതുക്കലിന് യോഗ്യത നേടുന്നതിന്, സ്ഥാപനത്തിന് ഒരു സജീവ ഇഐഡിയും സാധുവായ വാണിജ്യ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അതിന്റെ പുതിയ ഉടമയ്ക്ക് നിരോധനങ്ങളോ വ്യക്തിഗത വിലക്കുകളോ ഉണ്ടാവരുത്. കൂടാതെ നിലവിൽ ആക്റ്റീവ് ആയ പുതുക്കൽ അഭ്യർത്ഥനകളോ ഓഫീസിനെതിരെ പരാതികളോ ഉണ്ടായിരിക്കരുത്.
ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, സ്ഥാപനത്തിന് വിലക്കുകളോ നിലവിലെ ഉടമയ്ക്ക് വ്യക്തിപരമായ വിലക്കുകളോ ഓഫീസിനെതിരെ പരാതികളോ ഇല്ലെങ്കിൽ, ഒരു ഔദ്യോഗിക പത്രത്തിൽ ഓഫീസ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് പരസ്യം നൽകി 9 മാസത്തിന് ശേഷം അപേക്ഷ സ്വീകരിക്കും.
സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വിവിധ അധികാരികളുമായി ഏകോപിപ്പിച്ച് തൊഴിൽ മന്ത്രാലയം അതിന്റെ എല്ലാ സേവനങ്ങൾക്കുമായി സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. ഇന്നുവരെ, മന്ത്രാലയം വെബ്‌സൈറ്റ് വഴി 80 ഇലക്ട്രോണിക് സേവനങ്ങൾ നൽകി വരുന്നുണ്ട്
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv