2022 ലോകകപ്പ് ഫുട്‌ബോളിന് ഇനി ഒരു വർഷം മാത്രം. 2022 നവംബർ 21 നാണ് മിഡിൽ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പ് ആരംഭിക്കുക. ദോഹയിൽ ‘ഹാബ്‌ളോട്ട്’ സജ്ജമാക്കിയ വമ്പൻ ക്ലോക്കിൽ ഞായറാഴ്ച ഖത്തർ സമയം രാത്രി 8:30 (ഇന്ത്യൻ സമയം രാത്രി 11) ന് 2022 ലോകകപ്പിന്റെ കൗണ്ട് ഡൗൺ തുടങ്ങും.
ദോഹ കോർണിഷിൽ അരമണിക്കൂർ നീളുന്ന പ്രത്യേക ആഘോഷ പരിപാടിക്കൊപ്പമാണ് ഒരു വർഷത്തെ കൗണ്ട്ഡൗൺ ആരംഭിക്കുക. ആരാധകർക്ക് വെർച്വലായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. ഖത്തർ സമയം രാത്രി 8.30-നാണ് ചടങ്ങുകൾ ആരംഭിക്കുക. ആഘോഷങ്ങൾ കോർണിഷ് ഫിഷിംഗ് സ്പോട്ടിൽ നിന്ന് ഫിഫ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. Qatar2022.qa-ലും ഇവന്റ് തത്സമയം കാണാം.
ഔദ്യോഗിക കൗണ്ട്ഡൗൺ ക്ലോക്ക് ഒരു വർഷത്തിനിപ്പുറം ഇതേ നിമിഷം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കിക്ക്-ഓഫിലേക്ക് ടിക്ക് ഡൗൺ ചെയ്യാൻ തുടങ്ങുമ്പോൾ, ആരാധകർക്കായുള്ള ‘ജോയിൻ ദി ബീറ്റ്’ ലോകമെമ്പാടും പ്രതിധ്വനിക്കും. #WorldCup എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ആഘോഷത്തിനൊത്തു സ്വന്തം നൃത്തച്ചുവടുകൾ പങ്കുവെക്കാനും ആരാധകർക്ക് കഴിയും. 30 മിനിറ്റ് നീണ്ടുനിൽക്കുന്ന ലോഞ്ച് ചടങ്ങിൽ ഒരു ഡ്രോൺ ഷോ, സ്‌പെഷ്യൽ ഗസ്റ്റുകൾ, മറ്റു വിസമയക്കാഴ്ചകൾ തുടങ്ങിയവയും അരങ്ങേറും.
2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 വേദികളിലായാണ് ലോകകപ്പ്. രണ്ടാം തവണയാണ് ഏഷ്യ ലോകകപ്പിന് വേദിയാകുന്നത്. ആദ്യത്തേത് ജപ്പാനിലും ദക്ഷിണകൊറിയയിലുമായി 2002-ൽ ആയിരുന്നു നടന്നത്.
അൽ ഖോറിലുള്ള അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂർണമെന്റിന് കിക്കോഫാകുക. എല്ലാ സ്റ്റേഡിയങ്ങളും ടൂർണമെന്റിനായി ഒരുങ്ങിക്കഴിഞ്ഞു, എട്ട് സ്റ്റേഡിയങ്ങളിൽ അൽ വക്രയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം, അൽ ജനൗബ്, അൽ റയ്യാനിലെ എജ്യുക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, ദോഹയിലെ അൽ തുമാമ എന്നീ അഞ്ച് സ്റ്റേഡിയങ്ങൾ പണിയും ഉദ്ഘാടനവും പൂർത്തിയായി.
അൽ ബെയ്ത്, റാസ് അബു അബൗദ് സ്റ്റേഡിയം (സ്റ്റേഡിയം 974) എന്നിവ നവംബർ 30 ന് ആരംഭിക്കുന്ന അറബ് കപ്പിന് ഉദ്‌ഘാടന വേദിയാകും. അവസാന വേദിയായ ലുസൈൽ സ്റ്റേഡിയത്തിലെ പ്രധാന ജോലികൾ പൂർത്തിയായി. അടുത്ത വർഷം ആദ്യമായിരിക്കും ഉദ്ഘാടനം.