ഗാസ മുനമ്പിലെ യുദ്ധം ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞു. ദോഹ ഫോറം 2024-ൽ സംസാരിച്ച ഡോ. ജയശങ്കർ, ഇന്ത്യ മിഡിൽ ഈസ്റ്റിൽ നിന്നും വളരെ അകലെയാണെങ്കിലും, ഈ മേഖലയുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിച്ചു.
മെഡിറ്ററേനിയൻ രാജ്യങ്ങളിൽ ഏകദേശം 500,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്, ഇന്ത്യയും ആ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 80 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. കൂടാതെ, 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നു, ഗൾഫുമായുള്ള വ്യാപാരം 180 ബില്യൺ ഡോളർ മൂല്യമുള്ളതുമാണ്.
ഇക്കാരണത്താൽ, മിഡിൽ ഈസ്റ്റിലെ പ്രശ്‌നങ്ങളും അത് കൂടുതൽ വഷളാകുന്നതും അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഇത് ഷിപ്പിംഗ് ചെലവുകൾ, വ്യാപാരം, മറ്റ് മേഖലകൾ എന്നിവയെ ബാധിക്കുന്നു.
പലസ്‌തീനിലെ സാഹചര്യമാണ് മേഖലയിലെ പ്രധാന പ്രശ്‌നമെന്ന് പറഞ്ഞ ഡോ. ജയശങ്കർ സംഘർഷം വളരുമെന്ന് മുന്നറിയിപ്പ് നൽകി. ഈ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാൻ സമർത്ഥവും നൂതനവുമായ നയതന്ത്രം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.