ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) അടുത്തിടെ മെഡിക്കൽ രംഗത്ത് വലിയൊരു മുന്നേറ്റം കൈവരിച്ചു. അവരുടെ പ്ലാസ്റ്റിക്, ഓർത്തോപീഡിക് സർജറി ടീമുകൾ തുടയെല്ല് പുനർനിർമ്മിക്കുന്നതിനും കാലുകൾ ഛേദിക്കപ്പെടുന്നതിൽ നിന്ന് രോഗികളെ രക്ഷിക്കുന്നതിനുമായി രണ്ട് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. ഖത്തറിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്.
പ്രയാസകരമായ ഈ രണ്ടു കേസുകൾ ചികിത്സിക്കാൻ ശസ്ത്രക്രിയാ സംഘം നൂതനമായ രീതിയാണ് അവലംബിച്ചതെന്ന് ഹമദ് ജനറൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി കൺസൾട്ടൻ്റായ ഡോ.മുഹമ്മദ് മൗനീർ വിശദീകരിച്ചു. പതിനാറുകാരൻ്റെ തുടയെല്ലിൽ നിന്ന് ക്യാൻസർ ട്യൂമർ നീക്കം ചെയ്തതിന് ശേഷം ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തിയതാണ് ആദ്യ കേസ്. വാഹനാപകടത്തിൽ തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുപ്പത് വയസ്സുള്ള ഒരു വ്യക്തിയാണ് രണ്ടാമത്തെ കേസ്. കേടായ തുടയെല്ല് പുനർനിർമ്മിക്കുന്നതിനും കാലു മുറിച്ചു മാറ്റപ്പെടാതിരിക്കുന്നതിനും കാപ്പ-മാസ്ക്ലെറ്റ് സാങ്കേതികത ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്.
ലോകോത്തര ആരോഗ്യപരിരക്ഷ നൽകാനും രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള എച്ച്എംസിയുടെ പ്രതിബദ്ധത ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഡോ. മൗനീർ പറഞ്ഞു. ഏറ്റവും പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും നൂതന ആരോഗ്യ സേവനങ്ങൾ നൽകാനും ലക്ഷ്യമിടുന്ന ഖത്തറിൻ്റെ മൂന്നാമത്തെ ദേശീയ വികസന തന്ത്രവുമായും ഖത്തർ നാഷണൽ വിഷൻ 2030യുമായും ഇത് യോജിക്കുന്നു.
എച്ച്എംസിയിലെ ബോൺ സർജറി കൺസൾട്ടൻ്റായ ഡോ. അഹ്മദ് മൗനീർ, അസ്ഥികൾ നഷ്‌ടപ്പെടുന്ന ഗുരുതരമായ കേസുകൾക്ക് ഈ രീതി അനുയോജ്യമാണെന്ന് കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് മോശം രക്തയോട്ടം കാരണം പരമ്പരാഗത ചികിത്സകൾ ഫലപ്രദമാകാതെ വരുമ്പോൾ. ഈ രീതി നഷ്ടപ്പെട്ട അസ്ഥിയെ മാറ്റിസ്ഥാപിക്കുന്നു, വിടവുകൾ നികത്തുന്നു, കാലിൻ്റെ അതേ നീളം നിലനിർത്തുകയും ചെയ്യൂന്നു. രോഗികൾ സാധാരണയായി ആറാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കാൻ തുടങ്ങുകയും നാലോ ആറോ മാസത്തിനുള്ളിൽ സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങുകയും ചെയ്യും.
കാപ്പ-മാസ്ക്ലെറ്റ് ടെക്നിക് ഉപയോഗിക്കുന്നത് ഗുരുതരമായ അസ്ഥി പരിക്കുകളുള്ള രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ്. ഇതിലൂടെ അവർക്ക് ചലനശേഷി വീണ്ടെടുക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയുന്നു.