ദോഹ: മൂന്ന് വിൽപ്പന ഘട്ടങ്ങളിലായി ഫിഫ ലോകകപ്പിൽ പൊതുജനങ്ങൾക്കായി വിറ്റ എല്ലാ ടിക്കറ്റുകളും മൊബൈൽ ടിക്കറ്റുകളായി മാറ്റുമെന്ന് ഫിഫ അറിയിച്ചു. ഒക്‌ടോബർ രണ്ടാം പകുതിക്ക് മുമ്പ്, ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്യേണ്ട ഒരു പ്രത്യേക ടിക്കറ്റിംഗ് ആപ്പ് ഫിഫ പുറത്തിറക്കും. വാങ്ങിയ ടിക്കറ്റുകൾ ഈ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുകയും ആരാധകർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ അത് ആക്ടിവേറ്റ് ചെയ്യുകയും വേണം.
ടിക്കറ്റ് വാങ്ങിയ ഇമെയിൽ വഴി ലോഗിൻ ചെയ്ത് രജിസ്‌ട്രേഷൻ കോഡ് ഉപയോഗിച്ച് ആപ്പിൽ നിന്ന് മൊബൈൽ ടിക്കറ്റ് നേടാം. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഈ ടിക്കറ്റ് ആക്ടിവേറ്റ് ആകും. ആപ്പിലെ ക്യൂ.ആർ കോഡ് സ്റ്റേഡിയത്തിലെ സ്കാനറിൽ സ്കാൻ ചെയ്ത് സീറ്റ് നമ്പർ അടക്കമുള്ള വിവരങ്ങൾ നേടണം.
മറ്റുള്ളവർക്കായി വാങ്ങിയ ടിക്കറ്റുകൾ കയ്യിലുണ്ടെങ്കിൽ അവരുടെ ഇമെയിൽ വിലാസം നൽകി അവരുടെ ആപ്പിലേക്ക് ഈ ടിക്കറ്റുകൾ അയച്ചു നൽകാനും ആപ്പ് വഴി സാധിക്കും. ടിക്കറ്റിലെ ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും മാറ്റി ടിക്കറ്റ് സുഹൃത്തുക്കളുടെ പേരിൽ ആക്കാം.
സുഹൃത്തുക്കളുടെ ടിക്കറ്റുകളും സ്വയം സൂക്ഷിക്കുകയാണെങ്കിൽ ഈ ടിക്കറ്റുകൾ ഒരേ വേദിയിലെ മൽസരത്തിനുള്ളത് ആയിരിക്കണം. ഗേറ്റിൽ ഒന്നിച്ചാണ് വരേണ്ടത്.
കൂടാതെ ഈ ആപ്പ് വഴി മത്സര ദിവസം സ്റ്റേഡിയം ആക്‌സസ് ചെയ്യാനുൾപ്പടെയുള്ള മറ്റു ഫീച്ചറുകളും ഫിഫ ലഭ്യമാക്കും.
മൊബൈൽ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാം, ഒക്ടോബർ രണ്ടാം പകുതിയോടെ ആപ്പ് ഗൂഗിൾ പ്ലേ, ആപ്പിൾ സ്റ്റോറുകളിൽ എത്തും.
ടിക്കറ്റിംഗ് ആപ്പിന് പുറമേ, എല്ലാ പ്രാദേശിക, അന്തർദേശീയ ആരാധകരും ഒരു ഡിജിറ്റൽ ഹയ്യയ്ക്ക് (ഫാൻ ഐഡി) അപേക്ഷിക്കണം. ഇത് ഖത്തറിലേക്കുള്ള എൻട്രി പെർമിറ്റാണ്. കൂടാതെ മത്സര ടിക്കറ്റിന് പുറമേ സ്റ്റേഡിയം പ്രവേശനത്തിന് ഇതും ആവശ്യമാണ്.
ഒരു ഡിജിറ്റൽ ഹയ്യയ്‌ക്ക് അപേക്ഷിക്കുന്നതിനും താമസസൗകര്യം ബുക്ക് ചെയ്യുന്നതിനും, Qatar2022.qa സന്ദർശിക്കുക അല്ലെങ്കിൽ ഹയ്യ ടു ഖത്തർ 2022 ആപ്പ് ഡൗൺലോഡ് ചെയ്യുക ( iOS, Android എന്നിവയിൽ ലഭ്യമാണ്).
ടിക്കറ്റിങ്ങ് ആപ്പ് ഫിഫയുടേതാണ് എങ്കിൽ, ഖത്തർ സർക്കാരാണ് ഹയ്യ പ്രവർത്തിപ്പിക്കുന്നത്.