ഖത്തറിന്റെ വടക്ക് ഭാഗത്ത് കണ്ടെത്തിയ പിങ്ക് ജലാശയം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്വിറ്ററിലാണ് ചിലർ കൗതുകമുണർത്തുന്ന പിങ്ക് നദിയുടെ ചിത്രം പങ്കുവെച്ചത്.
വെള്ളത്തിന് പിങ്ക് നിറമായത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കൂടുതൽ പഠനത്തിനും പരിശോധനകൾക്കുമായി പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുൾ മൊഹ്‌സെൻ അൽ ഫയാദ് എന്ന ട്വിറ്റർ ഉപയോക്താവാണ് അധികൃതരെ ടാഗ് ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പിങ്ക് നദിയിൽ ടെസ്റ്റുകൾ നടത്താൻ ടീമിനെ അയച്ച് വേഗത്തിലുള്ള നടപടിക്ക് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നീട് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തു.
മഴയില്ലാത്തതിനാൽ വെള്ളത്തിന് ഉപ്പുരസമുണ്ടെന്നും ചൂട് കൂടുതലാണെന്നും ചില പരിസ്ഥിതി നിരീക്ഷകരുടെ അഭിപ്രായം. ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ബാക്ടീരിയകളും ആൽഗകളും അതിൽ സജീവമാവുകയും ഇവയിൽ നിന്ന് സ്രവിച്ച പദാർത്ഥം കാരണം വെള്ളം പിങ്ക് നിറമായതുമാകാം എന്നാണ് ഉയർന്നു വന്ന നിരീക്ഷണം.
അതേസമയം, ശാസ്ത്രജ്ഞരുടെയോ ഉദ്യോഗസ്ഥരുടെയോ അവകാശവാദങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.