രണ്ടു വർഷങ്ങൾക്കു മുൻപ് നടന്ന ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ എംബാപ്പക്കും ഫ്രാൻസിനും അർജന്റീനക്ക് മുന്നിൽ അടിപതറിയെങ്കിലും അതെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടം എംബാപ്പെ ഉയർത്തി. ഫിഫ ബെസ്റ്റ് ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട വിനീഷ്യസ് തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
മെക്‌സിക്കൻ ക്ലബായ പാച്ചൂക്കക്കെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ആദ്യപകുതിയിൽ തന്നെ മുന്നിലെത്തിയിരുന്നു. വിനീഷ്യസിന്റെ അസിസ്റ്റിൽ എംബാപ്പയാണ് ആദ്യ ഗോൾ നേടിയത്. അതിനു ശേഷം രണ്ടാം പകുതിയുടെ അമ്പത്തിമൂന്നാം മിനുട്ടിൽ റോഡ്രിഗോയും എണ്പത്തിനാലാം മിനുട്ടിൽ പെനാൽറ്റിയിലൂടെ വിനീഷ്യസും റയൽ മാഡ്രിഡിന്റെ ഗോളുകൾ സ്വന്തമാക്കി.
മികച്ച പ്രകടനം നടത്തിയ വിനീഷ്യസ് ജൂനിയർ ഗോൾഡൻ ബോൾ സ്വന്തമാക്കി. ഇന്റർകോണ്ടിനെന്റൽ കപ്പ് ഉൾപ്പെടെ ഈ വർഷം റയൽ മാഡ്രിഡ് അഞ്ചു കിരീടങ്ങളാണ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സ്‌പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർകപ്പ് എന്നിവയാണ് റയൽ മാഡ്രിഡ് നേടിയ മറ്റു കിരീടങ്ങൾ.