2034 ലോകകപ്പ് സൗദി അറേബ്യയിൽ വെച്ച് നടക്കുമെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിലാണ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോ 2030, 2034 ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ചത്.
2030 ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ വെച്ചാണ് നടക്കുക. ആ ടൂർണമെന്റിലെ മൂന്നു മത്സരങ്ങൾ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നടക്കും. അതേസമയം 2034 ലോകകപ്പിന് സൗദി അറേബ്യ ഒറ്റക്കാണ് ആതിഥേയത്വം വഹിക്കുന്നത്.
ലോകഫുട്ബോളിലും കായികമേഖലയിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ലോകകപ്പ് ആതിഥേയത്വം. കഴിഞ്ഞ ഏതാനും വർഷങ്ങളായി റൊണാൾഡോ, നെയ്‌മർ തുടങ്ങി ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങളെ തങ്ങളുടെ ക്ലബുകളിലെത്തിച്ച് സൗദി ഇക്കാര്യത്തിൽ വലിയ സൂചന നൽകിയിരുന്നു.
മിഡിൽ ഈസ്റ്റിലുള്ള പ്രവാസികളെ സംബന്ധിച്ച് ഇതൊരു സന്തോഷവാർത്തയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് 2022-ൽ ഖത്തറിൽ നടന്നതിന് പിന്നാലെയാണ് 2034 ലോകകപ്പിന് സൗദി അറേബ്യയും വേദിയാകുന്നത്. സൗദിയിൽ ആദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കാൻ പോകുന്നത്.