ദോഹ: ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വാക്സീനെടുത്ത യാത്രക്കാർക്കും ഖത്തറിൽ ക്വാറന്റീൻ പുനഃസ്ഥാപിച്ച വിവരം പ്രവാസികൾ ഏറെ നിരാശയോടെയാണ് കേട്ടത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധവും വ്യാപകമായിരുന്നു. ഇന്നലെ മുതൽ പ്രാബല്യത്തിലായ പുതിയ ഭേദഗതിക്ക് പിന്നിലുള്ള കൃത്യമായ കാരണം പൊതുജനാരോഗ്യമന്ത്രാലയമോ മറ്റ് ഏജൻസികളോ ഔദ്യോഗികമായി പ്രസ്താവിച്ചിരുന്നില്ല. നേരത്തെ, ഖത്തറിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമായ ഘട്ടത്തിലാണ് വാക്സീനെടുത്ത യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ യാത്രാനയം ഖത്തർ പ്രഖ്യാപിച്ചത്. എന്നാൽ ഔദ്യോഗിക വിശദീകരണം ഇല്ലെങ്കിലും, ബക്രീദിന് ശേഷം ഖത്തറിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നയത്തിൽ ഭേദഗതി വരുത്തിയതെന്നാണ് കരുതപ്പെട്ടത്.
ഇക്കാര്യം ശരിവെക്കുകയാണ് ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥനും ഹമദ് ജനറൽ ആശുപത്രി തലവനുമായ ഡോ.യൂസഫ് അൽ മസൽമാനി. ഖത്തർ ടിവിയുമായുള്ള പ്രതിവാര കോവിഡ് അവലോകന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാനയം പുതുക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഞങ്ങൾ അത്തരം തീരുമാനം കൈക്കൊണ്ടത് സമൂഹത്തെ സംരക്ഷിക്കാനും രാജ്യത്തിന്റെ സുരക്ഷയേയും കരുതിയാണ് എന്നാണ് മറുപടിയായ് പറഞ്ഞത്.
അഭിമുഖത്തിൽ, സമീപദിവസങ്ങളിൽ ഖത്തറിൽ കൊവിഡ് കേസുകൾ ഉയരുകയാണെന്ന് സൂചിപ്പിച്ച അദ്ദേഹം ഈ സാഹചര്യത്തിൽ നാലാം ഘട്ട ഇളവുകളിലേക്ക് പോകുന്നത് ശാസ്ത്രീയമായി യുക്തിരഹിതമാണെന്നും, ആയതിനാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടങ്ങളിലെ നിയന്ത്രണങ്ങൾ തുടരുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി. യാത്രാക്കാരായി ഖത്തറിലെത്തുന്നവർ ക്വാറന്റീൻ നടപടികളും മറ്റു മുൻകരുതലുകളും കൃത്യമായി പാലിക്കേണ്ട ആവശ്യകത ഓർമിപ്പിച്ച മസൽമാനി ഹോം ക്വാറന്റീൻ അനുവദിക്കപ്പെട്ടവർ ഇക്കാര്യം പ്രത്യേകം കരുതണമെന്നും അറിയിച്ചു.
നേരത്തെ, നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന നാലാം ഘട്ട ലഘൂകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം സമ്പൂർണ ഇളവുകൾ കോവിഡ് സംഖ്യ പ്രകടമായി തിരിച്ചുവരാൻ കാരണമാകുമെന്നായിരുന്നു മറുപടി. എല്ലാ ഘട്ടങ്ങളിലും മാസ്കും സാമൂഹ്യ അകലവും ആവർത്തിക്കേണ്ടതായും അദ്ദേഹം വ്യക്തമാക്കി. നാലാം ഘട്ട ഇളവുകളിൽ, എല്ലാ പൊതുവിടങ്ങളിലും കൂടുതൽ പേരെ അനുവദിക്കുമെന്നും മസൽമാനി അറിയിച്ചു.