5 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി ഖത്തറിലെ ജനസംഖ്യ

ഖത്തറിലെ ആകെ ജനസംഖ്യ ജൂലൈ മാസത്തിൽ 2.38 മില്യണായി കുറഞ്ഞു. കഴിഞ്ഞ ജൂണ് മാസത്തേക്കാൾ (2.5 മില്യണ്) 4.9 ശതമാനവും കഴിഞ്ഞ വർഷം ജൂലൈ മാസത്തേക്കാൾ (2.75 മില്യണ്) 13.42 ശതമാനത്തിന്റെ കൂറ്റൻ ഇടിവുമാണ് ജനസംഖ്യയിൽ രേഖപ്പെടുത്തിയത്.

പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തുവിട്ട 91-ആമത് പ്രതിമാസ കണക്കുകൾ പ്രകാരം, ജൂലൈ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 2,380,011 ആണ്. ഇതിൽ 1,756,026 പുരുഷൻമാരും 623,985 സ്ത്രീകളും ഉൾപ്പെടും.

2016 ന് ശേഷം ഖത്തറിൽ ഉണ്ടായ ഏറ്റവും കുറഞ്ഞ ജനസംഖ്യ നിരക്കാണ് ഇപ്പോഴുള്ളത്. 2016 ജൂലായിൽ 2,326,465 ആയിരുന്നു ഖത്തർ ജനസംഖ്യ. ജൂലൈ മാസം പൊതുവെ ഖത്തറിൽ ജനങ്ങൾ കുറയുന്ന കാലമാണ്. വേനൽ അവധിക്കാലം ആയത് കൊണ്ട് തന്നെ പലരും നാട്ടിൽ പോകുന്നതാണ് ഇതിന് കാരണം. 2020 ജൂലൈ മാത്രമായിരുന്നു ഇതിന് അപവാദം. കൊറോണ നിയന്ത്രണങ്ങൾ മൂലം യാത്രകൾ നിരോധിച്ചതിനാൽ 2020 ജൂലൈയിൽ 2.7 മില്യണായി ഉയർന്ന നിരക്കിലായിരുന്നു ജനസംഖ്യ. 

ലോകകപ്പിന് മുന്നോടിയായി പല നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കി തൊഴിലാളികൾ തിരിച്ചുപോയതും കൊറോണ പ്രതിസന്ധിയിൽ പ്രവാസികളുടെ വരവ് കുറഞ്ഞുതന്നെ തുടരുന്നതും ഈ വർഷത്തെ അമിതമായി ഇടിവിന് കാരണമായി കരുതപ്പെടുന്നുണ്ട്.

Exit mobile version