ദോഹ: ഖത്തറിന്റെ പുതിയ ട്രാവൽ നയം മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കും പ്രയോജനപ്പെടുന്നു. യുഎഇ, സൗദി പോലുള്ള രാജ്യങ്ങളിലേക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രവിലക്ക് തുടരുകയാണ്. വാക്സിനെടുത്തവർക്കും ഇവിടങ്ങളിൽ പ്രവേശനമില്ല. എന്നാൽ ഇടത്താവള രാജ്യങ്ങളിലൂടെ ഈ രാജ്യങ്ങളിൽ എത്താനാണ് പ്രവാസികൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ, പുതിയ ട്രാവൽ നയത്തോടെ, വാക്സീനെടുത്ത ഇന്ത്യൻ പ്രവാസികൾക്ക് ആശ്രയിക്കാവുന്ന മധ്യമാർഗ്ഗമായിരിക്കുകയാണ് ദോഹ. ഖത്തർ അനുവദിക്കുന്ന ഒരു മാസത്തെ സൗജന്യ ഓൺ അറൈവൽ വിസയാണ് പ്രവാസികൾക്ക് അനുഗ്രഹമാവുക. ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഖത്തര്‍ വഴി യാത്ര ചെയ്യാവുന്നതാണ്.
ഈ ഘട്ടത്തിൽ, ഖത്തറിൽ ഓൺ അറൈവൽ വിസയിൽ എത്തിയശേഷം 14 ദിവസം പിന്നിട്ടാൽ, സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങൾ ഇവരെ ഖത്തറിൽ നിന്നുള്ളവരായാണ് പരിഗണിക്കുക. ഖത്തറിൽ നിന്നുള്ള അംഗീകൃത വാക്സിനേഷൻ പൂർത്തിയായവർക്ക് ഈ രാജ്യങ്ങളിൽ പ്രവേശന വിലക്കില്ല. ഓണ് അറൈവൽ വിസയിൽ ഖത്തറിലെത്തുമ്പോൾ റിട്ടേണ് ടിക്കറ്റായി പോകേണ്ട രാജ്യത്തേക്കുള്ള രേഖകൾ കരുതണം. ഖത്തറിൽ താമസിക്കാനുള്ള ഹോട്ടൽ രേഖകളും സന്ദർശകൻ കാണിക്കേണ്ടതുണ്ട്. 14 ദിവസം ബന്ധുക്കളോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കഴിഞ്ഞ ശേഷം അതാത് രാജ്യത്തെക്കുള്ള വിസാ രേഖകൾ ഉപയോഗിച്ച്, ഖത്തറിൽ നിന്ന് പ്രവാസികൾക്ക് പ്രസ്തുത രാജ്യങ്ങളിലേക്ക് മടങ്ങാൻ സാധിക്കും. ഓർക്കുക, വാക്സീൻ ഖത്തർ അംഗീകൃതമായിരിക്കണം. കോവിഷീൽഡ്, മോഡേണ, ഫൈസർ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സീനുകൾ നിലവിൽ അംഗീകൃതമാണ്.
ഓണ് അറൈവൽ വിസയിൽ ഖത്തറിലെത്തുന്നവർക്ക് ഇഹ്തിറാസ് പോർട്ടലിൽ പ്രീ-റെജിസ്ട്രേഷൻ നിർബന്ധമാണ്. ഒപ്പം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തിയ ശേഷവും (റെഡ് ലിസ്റ്റിലുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്) ആർട്ടിപിസിആർ ടെസ്റ്റിന് വിധേയമായി റിപ്പോർട്ട് നെഗറ്റീവ് ആയിരിക്കണം. തിരികെ, റെസിഡന്റ് വിസയുള്ള രാജ്യങ്ങളിലേക്ക് പുറപ്പെടുമ്പോഴും സമാന നടപടികൾ ചെയ്യേണ്ടി വരും.