ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്ക് അൽ-അറൂബ് അഭയാർത്ഥി ക്യാമ്പിലേക്കുള്ള പ്രവേശന കവാടത്തിൽ വെച്ച് ഇസ്രായേൽ അധിനിവേശ സേന മാധ്യമപ്രവർത്തകയും മോചിപ്പിക്കപ്പെട്ട തടവുകാരിയുമായ ഗുഫ്രാൻ വാരസ്‌നെയെ കൊലപ്പെടുത്തിയ സംഭവത്തെ ഖത്തർ ഭരണകൂടം ശക്തമായ ഭാഷയിൽ അപലപിച്ചു.
പ്രതിരോധമില്ലാത്ത ഫലസ്തീൻ ജനതയ്‌ക്കെതിരായ അധിനിവേശത്തിന്റെ ഭീകരവും ആവർത്തിച്ചുള്ളതുമായ കുറ്റകൃത്യങ്ങളുടെ പരമ്പരയിലെ ഒരു പുതിയ കണ്ണിയാണ് ഈ ഹീനകൃത്യമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സംഭവത്തിൽ ന്യായവും സുതാര്യവുമായ അന്വേഷണം മന്ത്രാലയം ആവശ്യപ്പെട്ടു.
അധിനിവേശ അധികാരികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മേലുള്ള ലംഘനങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫലസ്തീൻകാർക്കും മാധ്യമ പ്രവർത്തകർക്കുമെതിരായ അക്രമങ്ങൾ തടയാനും അവരെ സംരക്ഷിക്കാനും എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
സായുധ സംഘട്ടന മേഖലകളിൽ അപകടകരമായ പ്രൊഫഷണൽ ദൗത്യങ്ങൾ നടത്തുന്ന മാധ്യമപ്രവർത്തകർ, മാധ്യമ വിദഗ്ധർ, വ്യക്തികൾ എന്നിവരെ പൊതുവെ സിവിലിയന്മാരായി കണക്കാക്കുകയും അവരെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ നീതിയിലും നിയമാനുസൃതമായ അവകാശങ്ങളിലും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്ര സ്ഥാപനത്തിലും ഖത്തറിന്റെ ഉറച്ച നിലപാട് ആവർത്തിച്ചു.
അന്തരിച്ച മാധ്യമപ്രവർത്തകൻ ഗുഫ്രാൻ വാരസ്‌നെയുടെ കുടുംബത്തോട് മന്ത്രാലയം ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തി.