മുഷെരീബ് ഡൗൺടൗൺ ദോഹയിൽ സീസണൽ മാർക്കറ്റ് ആരംഭിച്ചു

ലോകത്തിലെ ഏറ്റവും മികച്ചതും സുസ്ഥിരനിര്മിതിയുമായ നഗര ജില്ലകളിൽ ഒന്നായ മുഷെരീബ് ഡൗണ് ടൗൺ ദോഹയിൽ, മുഷെരീബ് പ്രോപ്പർട്ടീസും പ്രാദേശിക ഉത്പന്ന കമ്പനിയായ ‘തോർബ’യും ചേർന്നുള്ള സീസണൽ മാർക്കറ്റ് ഇന്നലെ ആരംഭിച്ചു.

Msheireb-ന്റെ റീട്ടെയിൽ ക്വാർട്ടറിലെ സിക്കത്ത് അൽ വാദി നടപ്പാതയിലൂടെ എല്ലാ ശനിയാഴ്ചയും വൈകിട്ട് 3 മുതൽ 9 വരെ സന്ദർശകർക്ക് വരാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വിപണി, പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണം, ഇക്കോ-ഉത്പന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട  കരകൗശല വിദഗ്ധരുടെയും ചെറുകിട ബിസിനസ്സുകളുടെയും സഞ്ചയമാണ്.

പ്രാദേശിക ജൈവ പച്ചക്കറികൾ, കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളും ആഭരണങ്ങളും, സ്പെഷ്യാലിറ്റി ഭക്ഷണങ്ങളും കാപ്പിയും, ആരോഗ്യ-സൗന്ദര്യ ഉൽപ്പന്നങ്ങൾ, പൂന്തോട്ട കേന്ദ്രം എന്നിവയുൾപ്പെടെ നിരവധി ആകർഷക ഉത്പന്നങ്ങളുമായെത്തുന്ന തെരുവ് കച്ചവടക്കാരാണ് സീസണൽ മാർക്കറ്റിലെ ആകർഷണം.

ചെറുകിട ബിസിനസുകളെയും പ്രാദേശിക ഫാമുകളെയും പിന്തുണയ്ക്കാനും ശാക്തീകരിക്കാനും ടോർബയുടെ മുഷെരീബ് മാർക്കറ്റ് ലക്ഷ്യമിടുന്നു.  രസകരവും ശാന്തവുമായ അന്തരീക്ഷത്തിൽ പ്രാദേശിക ബിസിനസുകളുമായി നേരിട്ട് ഇടപഴകുന്നതിന് പൊതുജനങ്ങൾക്ക് പ്രതിവാര കേന്ദ്രമായി മാർക്കറ്റ് മാറും.

മേളയിൽ ഭാഗമാകാൻ, www.farmersmarket.qa വെബ്സൈറ്റ് വഴി മാർക്കറ്റ് വെണ്ടർമാർക്ക് ഓണ്ലൈനായി അപേക്ഷിക്കാം. എല്ലാ വെണ്ടർമാർക്കും ഒരു വാണിജ്യ രജിസ്ട്രേഷൻ ആവശ്യമാണ്, മാത്രമല്ല അവരുടെ ഉത്പ്പന്നത്തിലോ സേവനത്തിലോ സുസ്ഥിരത തത്വങ്ങൾ (സസ്റ്റെയ്നബിളിറ്റി പ്രിൻസിപ്പിൾസ്) ഉപയോഗിക്കുകയും വേണം.

Exit mobile version