ഗ്രൂപ്പ് എഫിലെ അട്ടിമറി രാജാവായി മൊറോക്കോ; ക്രൊയേഷ്യയും പ്രീ-ക്വാർട്ടറിൽ; ബെൽജിയം പുറത്ത്

വ്യാഴാഴ്‌ച അൽ തുമാമ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാനഡയെ 2-1 ന് തകർത്ത് മൊറോക്കോ ഗ്രൂപ്പ് എഫിലെ അട്ടിമറി ഒന്നാമന്മാരായി. ഹാഫ് ടൈമിൽ തന്നെ 3 ഗോളുകളും പിറന്ന മൽസരത്തിൽ നാലാം മിനിറ്റിൽ മിലാൻ ബോർജൻ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കവേ ഹക്കിം സിയേച്ചിന്റെ കാലിലെത്തി കനേഡിയൻ താരത്തിന് മുകളിലൂടെ ഗോൾ വല കുലുക്കി. 23-ാം മിനിറ്റിൽ അച്‌റഫ് ഹക്കിമിയുടെ ലോംഗ് ബോളിലേക്ക് ഓടിയെത്തിയ യൂസഫ് എൻ-നെസിരി ഒരു ലോ ഡ്രൈവ് കോർണറിലേക്ക് തട്ടിയിട്ട് ലീഡ് ഇരട്ടിയാക്കി.

അതേസമയം, ഇതിനകം തന്നെ പുറത്തായ കാനഡക്ക് ഒരു മറുപടി ഗോൾ നൽകാനായി. 40-ാം മിനിറ്റിൽ സാം അഡെകുഗ്‌ബെയുടെ ക്രോസിൽ നായിഫ് അഗേർഡ് ബോൾ തട്ടിയകറ്റി ഗോളാക്കി.

1986 ന് ശേഷം ഇതാദ്യമായാണ് മൊറോക്കോ അവസാന 16 ൽ എത്തുന്നത്. 2 വിജയവും ഒരു സമനിലയുമായി 7 പോയിന്റോടെ രാജകീയമായാണ് മൊറോക്കോയുടെ വരവ്.

അതേസമയം, ഇന്ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ തന്നെ ബെൽജിയം-ക്രൊയേഷ്യ മൽസരം ഗോൾ രഹിത സമനിലയായി. വിജയവും പരാജയവും സമനിലയും തുല്യമായുള്ള, ലോക രണ്ടാം നമ്പർ ബെൽജിയം 4 പോയിന്റുമായി ഗ്രൂപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റായ ക്രൊയേഷ്യ 2 സമനിലയും ഒരു വിജയവുമായി 5 പോയിന്റ് നേടി ഗ്രൂപ്പിൽ രണ്ടാമതായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version