ദോഹ: ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, ഖത്തറിൽ നൂറിലധികം സ്വകാര്യ ക്ലിനിക്കുകളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ലഭ്യമാവും. 15 മിനിറ്റിൽ ഫലം ലഭ്യമാവുന്ന ടെസ്റ്റിന് ഈടാക്കാവുന്ന പരമാവധി തുക 50 ഖത്തർ റിയാലാണ്.
രാജ്യത്തെ 28 പിഎച്സിസി കേന്ദ്രങ്ങളിലും ആന്റിജൻ ടെസ്റ്റ് ലഭ്യമാകും. യാത്രക്കാരുടെ ആവശ്യത്തിനും, വാക്സീൻ സ്വീകരിക്കാത്തവരുടെ ജോലി/സ്‌കൂൾ ആവശ്യത്തിനുമുള്ള ടെസ്റ്റിന് 50 റിയാൽ ആണ് നിരക്ക്. എന്നാൽ, കോവിഡ് ലക്ഷണമുള്ളവർക്കും സമ്പർക്കം പുലർത്തിയവർക്കും ആവശ്യമായുള്ള ടെസ്റ്റ് സൗജന്യമായിരിക്കും.
പിസിആർ ടെസ്റ്റ്
രാജ്യത്തെ നൂറിലധികം സ്വകാര്യ ആശുപത്രികളിൽ പിസിആർ ടെസ്റ്റ് ലഭ്യമാവും. ലക്ഷണങ്ങളുള്ളവർക്കും യാത്ര ആവശ്യത്തിനും ടെസ്റ്റ് ചെയ്യാം. 160 റിയാൽ ആണ് പരമാവധി ചാർജ്ജ്.
പിഎച്സിസിയുടെ 28 കേന്ദ്രങ്ങളിൽ 50 വയസ്സിന് മുകളിലുള്ള കോവിഡ് ലക്ഷണമുള്ളവർക്കും സമ്പർക്കം പുലർത്തിയവർക്കും മാത്രമേ പിസിആർ നൽകുകയുള്ളൂ. അതും നാളെ വരെ മാത്രം. ഇവർക്ക് സേവനം സൗജന്യമായിരിക്കും.
യാത്രാ ആവശ്യത്തിനുള്ള പിസിആർ ഈ 28 കേന്ദ്രങ്ങളിലും നൽകില്ല. പകരം ഇന്ന് മുതൽ ലുസൈലിൽ ആരംഭിക്കുന്ന ഡ്രൈവ്-ത്രൂ പിസിആർ കേന്ദ്രത്തിൽ മാത്രമായിരിക്കും ലഭിക്കുക. ജനുവരി 7, നാളെ മുതൽ പിഎച്സിസിയുടെ എല്ലാ പിസിആർ ടെസ്റ്റുകളും ഇവിടെ മാത്രമായിരിക്കും ലഭിക്കുക. മറ്റു കേന്ദ്രങ്ങളിൽ പിസിആർ സേവനം നിർത്തും.
ഖത്തറിൽ ഇന്നലെ മുതൽ ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം, യാത്ര കഴിഞ്ഞെത്തിയവർക്കും 50 വയസ്സിൽ താഴെയുള്ളവർക്കും പിസിആർ ടെസ്റ്റ് ആവശ്യമില്ല. പകരം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് മതി.