ഇക്കുറി പിറന്നാൾ ഖത്തറിൽ ആഘോഷിച്ച് ലാലേട്ടൻ

ദോഹ: മലയാളത്തിന്റെ പ്രിയതാരം ലാലേട്ടൻ ഇക്കുറി തന്റെ പിറന്നാൾ ആഘോഷിച്ചത് ഖത്തറിൽ. ദോഹയിലെ പ്രമുഖ വ്യവസായിയും മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ജോൺ തോമസിന്റെ മകളുടെ വിവാഹ പാർട്ടിയിൽ പങ്കെടുക്കാനാണ് മോഹൻലാലും ഭാര്യ സുചിത്ര ഉൾപ്പെടെയുള്ളവരും 2 ദിവസം മുൻപ് ദോഹയിൽ എത്തിയത്.

ഹോളിഡെ ഇൻ ഹോട്ടലിൽ വിവാഹസല്ക്കാരത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പിറന്നാൾ രാവിലെ ലാലേട്ടന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചടങ്ങിൽ ഖത്തർ പ്രവാസിയും ആർട്ടിസ്റ്റുമായ ഡോ. ശ്രീകുമാർ പത്മനാഭൻ മോഹൻലാലിന് ഓയിൽ പെയിന്റിൽ തീർത്ത അതിമനോഹരമായ ഗന്ധർവന്റെ ചിത്രം ജന്മദിന സമ്മാനമായി നൽകി. 

വർഷങ്ങള്ക്ക് മുന്പ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് മോഹൻലാൽ ഗന്ധർവനെ വരപ്പിച്ചുവെന്നതിന്റെ വാർത്തകൾ കണ്ടിരുന്നു. അന്നു മുതൽ ഗന്ധർവന്റെ പെയിന്റിങ് മോഹന്ലാലിന് സമ്മാനമായി നൽകണമെന്ന ആഗ്രഹമാണ് അദ്ദേഹത്തിന്റെ 62-ാം ജന്മദിനത്തിൽ സഫലമായതെന്ന് ശ്രീകുമാർ പറഞ്ഞു.

മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പി.എം. ഷാജി, മിബു ജോസ്, ജോണ് തോമസ് എന്നിവർ വഴിയാണ് പെയിന്റിങ് സമ്മാനമായി നല്കാൻ സാധ്യമായത്. പെയിന്റിങ് ചെയ്യുന്നതിനായി മോഹൻലാലിന്റെ അനുമതിയും ലഭിച്ചു.

70 ദിവസം കൊണ്ട് പൂർത്തിയാക്കിയ പെയിന്റിങ്ങിന്റെ ഓരോ ഘട്ടവും അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ശ്രീകുമാർ പറഞ്ഞു. 150×100 ക്യാന്വാസിലാണ് ഓയിലിൽ ഗന്ധർവനെ വരച്ചത്.

ആന്റണി പെരുമ്പാവൂർ, മനോജ്.കെ.ജയൻ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് പെയിന്റിങ് സമ്മാനിച്ചത്. അതുല്യ പ്രതിഭ, സംഗീതജ്ഞൻ, നർത്തകൻ, കാമുകൻ, സുന്ദരൻ, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം തുടങ്ങി ഗന്ധര്വഗുണങ്ങളെല്ലാം നിറഞ്ഞ വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയിലാണ് ലാലേട്ടനെ പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള ഗന്ധർവ ചിത്രം നൽകിയതെന്ന് ശ്രീകുമാർ പറഞ്ഞു.

മോഹൻലാലിന് പെയിന്റിങ് സമ്മാനിക്കാൻ ശ്രീകുമാറിനൊപ്പം ഭാര്യ ഹേമ, മകന് ധ്രുവ് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ 15 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ.ശ്രീകുമാർ ദോഹയിലെ കലാ പ്രദര്ശന വേദികളിലെ സജീവ സാന്നിധ്യമാണ്.

Exit mobile version