നിലവാരം കുറഞ്ഞ സ്വർണം വിൽക്കുന്നുവെന്ന് പരാതി, ഖത്തറിലെ സ്വർണക്കടകളിൽ പരിശോധന നടത്തി മന്ത്രാലയം

ഗുണനിലവാരമില്ലാത്ത സ്വർണത്തിന്റെ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള പരാതികൾ ലഭിച്ചതിനെത്തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) രാജ്യത്തുടനീളമുള്ള സ്വർണ്ണ വിപണികളിൽ പരിശോധന ആരംഭിച്ചു. ഗുണനിലവാരം പരിശോധിക്കുന്നതിനായി സ്വർണ്ണക്കടകളിൽ നിന്ന് റാൻഡമായി സാമ്പിളുകൾ ശേഖരിക്കുന്നതിന്റെയും തങ്ങളുടെ ടീമുകളെ വാക്കി ടോക്കികൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഏകോപിപ്പിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

സ്വർണ ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിഷ്‌കർഷിക്കുന്ന നിലവാരം ഇല്ലെന്ന പ്രത്യേക പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചതെന്ന് കൊമേഴ്‌സ്യൽ ഫ്രോഡ് ആൻഡ് കൗണ്ടർഫീറ്റിങ് ഡിപ്പാർട്ട്മെന്റ് മേധാവി അബ്ദുല്ല അലി സാൽമി പറഞ്ഞു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഫ്രോഡ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിലെ കൗണ്ടർഫീറ്റിങ് ഡിപ്പാർട്ട്മെന്റ് ഈ പരാതികൾ പരിശോധിച്ചുവരികയാണെന്നും സാൽമി വിശദീകരിച്ചു.

“ഞങ്ങൾ നിരവധി സ്വർണ്ണ കടകൾ പരിശോധിക്കുകയും അവയുടെ ഗുണനിലവാരവും മറ്റും പരിശോധിക്കുന്നതിനായി വ്യത്യസ്‌തമായ സ്വർണ്ണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്,” ഫീൽഡ് വർക്കിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർ മുഹമ്മദ് അൽ-ഷാംരി പറഞ്ഞു.

തെറ്റായ രീതിയിലുള്ള സ്വർണ്ണ ഉൽപ്പന്നങ്ങൾ വിൽക്കുകയോ പ്രദർശിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം കട ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. സ്വർണ്ണ ഉൽപന്നങ്ങൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിലും ഉപയോഗത്തിന് അനുയോജ്യമല്ലെങ്കിലും കേടുപാടുകളുടെ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിലും അവ നിലവാരം കുറഞ്ഞതായി കണക്കാക്കപ്പെടുന്നു.

ഈ നിയമങ്ങൾ ലംഘിച്ചാൽ, ലംഘനം എത്രത്തോളം ഗുരുതരമാണ് എന്നതിനെ ആശ്രയിച്ച്, രണ്ട് വർഷം വരെ തടവും, 3,000 മുതൽ 1,000,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ഗുരുതരമായ ശിക്ഷാനടപടികൾ ഉണ്ടായേക്കാം.

Exit mobile version