മാലിന്യങ്ങൾ കൃത്യമായി റീസൈക്കിൾ ചെയ്യുന്നതിന് സ്വകാര്യമേഖലെയെയും പ്രോത്സാഹിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയം സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. പുതിയ പദ്ധതികൾക്കും നിലവിലുള്ളവ കൈകാര്യം ചെയ്യുന്നതിനുമായി നിരവധി കരാറുകൾ നൽകിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് ട്രീറ്റ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ഹസൻ അൽ നാസർ പറയുന്നതനുസരിച്ച്, സ്വകാര്യ കമ്പനികൾ മാലിന്യ സംസ്‌കരണ കേന്ദ്രം നടത്തുന്നതാണ് ഒരു പ്രധാന പദ്ധതി.

സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യകളോടെ പുതിയ ലാൻഡ്‌ഫിൽ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഈ സ്റ്റേഷനുകളിൽ നിന്ന് മെസായിദിലെ റീസൈക്ലിംഗ് പ്ലാൻ്റിലേക്ക് മാലിന്യം മാറ്റുന്നതിന് നാല് മാലിന്യ കൈമാറ്റ സ്റ്റേഷനുകനും സ്വകാര്യ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഈ സ്‌റ്റേഷനുകൾ മാലിന്യം കൊണ്ടുപോകുന്നതിനു പുറമെ അവയെ വേർതിരിക്കാനും സഹായിക്കുന്നുണ്ട്.

റീസൈക്ലിംഗ് ഇൻഡസ്ട്രീസിനായുള്ള അൽ അഫ്‍ജ ഏരിയയിൽ എണ്ണ, മെഡിക്കൽ മാലിന്യങ്ങൾ, മരം, ലോഹം, ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, ടയറുകൾ, ബാറ്ററികൾ, നിർമ്മാണ മാലിന്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാമഗ്രികൾ റീസൈക്കിൾ ചെയ്യുന്ന നിരവധി ഫാക്ടറികളുണ്ട്. ഓർഗാനിക് സിമൻ്റ് ഉൽപ്പാദിപ്പിക്കുന്നതിനും ഗ്ലാസും തുണിയും പുനരുപയോഗിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദോഹയിൽ നിന്ന് 40 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന അൽ അഫ്‍ജ പ്രദേശം ഖത്തറിനെ അതിൻ്റെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിന് പുനരുപയോഗത്തിനുള്ള പ്രധാന കേന്ദ്രമായി വികസിപ്പിക്കുകയാണ്.

മാലിന്യ സംസ്‌കരണത്തിൽ സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം വിജയകരമാണെന്ന് അൽ നാസർ എടുത്തുപറഞ്ഞു. 2022-ലെ ഫിഫ ലോകകപ്പ് വേളയിൽ മാലിന്യ രഹിതമെന്ന ലക്ഷ്യത്തിലെത്തുകയും രാജ്യത്ത് ഉപേക്ഷിക്കപ്പെട്ട ടയറുകൾ സ്വകാര്യ ഫാക്ടറികൾ വഴി ശരിയായി സംസ്‌കരിക്കുകയും ചെയ്‌തതും ശ്രദ്ധേയമായ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

ഈ സംരംഭങ്ങൾ വഴി ലാൻഡ് ഫില്ലുകളിലേക്ക് അയക്കുന്ന മാലിന്യങ്ങൾ ഗണ്യമായി കുറയ്ക്കുകയും പുനരുപയോഗം ചെയ്യാവുന്ന വസ്‌തുക്കളുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്‌തു. മാലിന്യ പുനരുപയോഗ പദ്ധതികളിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുന്നതിലൂടെ, സുസ്ഥിര മാലിന്യ സംസ്‌കരണത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിബദ്ധത കാണിക്കുന്നു, ഇത് ഭാവിയിൽ ഖത്തറിൻ്റെ മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തും.

Exit mobile version