കഠിന ചൂടിന്റെ കൊടിയടയാളം; ‘അൽ തുറയ’ നക്ഷത്രരാത്രികൾക്ക് തുടക്കം

ജൂൺ 6, ഇന്ന് രാത്രി, ‘അൽ തുറയ നക്ഷത്ര’ രാത്രികളുടെ തുടക്കമാണെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേനൽക്കാലം ചൂടുപിടിക്കുമ്പോൾ ചൂടുള്ള പകലുകളുടെയും രാത്രികളുടെയും ആരംഭത്തിന്റെ ഏറ്റവും വ്യക്തമായ സൂചകമാണിത്. അൽ തുറയ നക്ഷത്ര രാത്രികൾ സാധാരണയായി 13 ദിവസം നീണ്ടുനിൽക്കും. പകൽ സമയത്ത് ചൂട് രൂക്ഷമാകും, അതോടൊപ്പം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും വീശും.

“വേനൽക്കാലത്തിന്റെ ആരംഭം അൽ-തുറയ നക്ഷത്രത്തിന്റെ [പ്ലീയാഡ്‌സ്] ഉദയമാണ്, അതിന്റെ അവസാനം സുഹൈൽ നക്ഷത്രത്തിന്റെ [കാനോപ്പസ്] ഉദയമാണ്,”ക്യുഎംഡി കുറിച്ചു.

ജ്യോതിശാസ്ത്രപരമായി ‘പ്ലീയാഡ്‌സ്’ എന്ന് വിളിക്കപ്പെടുന്ന അൽ-തുറയ, ജൂൺ ആദ്യ ആഴ്ചയിൽ കിഴക്കൻ ചക്രവാളത്തിൽ പുലർച്ചെ പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്രക്കൂട്ടമാണ്. അതേസമയം ജ്യോതിശാസ്ത്രപരമായി ‘കാനോപ്പസ്’ എന്ന് വിളിക്കപ്പെടുന്ന സുഹൈൽ, ഓഗസ്റ്റ് അവസാന ആഴ്ചയിൽ തെക്കൻ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്രമാണ്.

ഈയവസരത്തിൽ, അലർജിയും ചൂടിനോടുള്ള സെൻസിറ്റിവിറ്റിയും ഉള്ള ആളുകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.

Exit mobile version