ഖത്തറിൽ കാണപ്പെടുന്ന ‘ഗ്രീൻ ലെയ്‌സ്‌വിംഗ്’ എന്ന ഇനം പ്രാണികളെക്കുറിച്ചുള്ള ആരോഗ്യ ആശങ്കകൾ നിരസിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രസ്താവന പുറത്തിറക്കി. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഉണ്ടാക്കുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം. ഈ പ്രാണികൾ വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
“ഗ്രീൻ ലെയ്‌സ്‌വിംഗ് പ്രാണികൾ (ക്രിസോപ്പ പല്ലെൻസ്) ഒരു വിഷരഹിത പ്രാണിയാണെന്നും ഇത് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രാണി രോഗങ്ങൾ പരത്തില്ല, മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു അപകടവും ഉണ്ടാക്കുന്നില്ല.”
ഗ്രീൻ ലെയ്‌സ്‌വിംഗ് മുഞ്ഞ പോലുള്ള ഹാനികരമായ കീടങ്ങളെ ഭക്ഷിക്കുന്നു. തദ്വാരാ ഇത് കൃഷിക്ക് ഗുണം ചെയ്യുന്ന പ്രാണിയായി മാറുന്നു.
അതിനാൽ, പ്രയോജനപ്രദമായ ഈ പ്രാണികളെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ മേൽനോട്ടത്തിൽ അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ കീടനാശിനികൾ ഉപയോഗിക്കരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പ് കർഷകരോട് ആവശ്യപ്പെടുന്നു – മന്ത്രാലയം വ്യക്തമാക്കി.
കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഖത്തറിലെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നു മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5