സൗദി അറേബ്യയിലെ റിയാദിൽ നടന്ന സിറ്റിസ്‌കേപ്പ് ഗ്ലോബൽ 2024 എക്‌സിബിഷനിൽ ഖത്തർ പങ്കെടുത്തിരുന്നു. മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയയാണ് ഖത്തറി ടീമിനെ നയിച്ചത്.
അറിവ് അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയെ കേന്ദ്രീകരിച്ച് സുസ്ഥിര സമൂഹം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ഖത്തറിൻ്റെ ദേശീയ ദർശനം 2030-നെ കുറിച്ച് അൽ അത്തിയ സംസാരിച്ചു. ജീവിത നിലവാരവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനായി ഖത്തറിൻ്റെ നഗര ആസൂത്രണത്തെ സാമ്പത്തികവും സാമൂഹികവുമായ വികസന ലക്ഷ്യങ്ങളുമായി സംയോജിപ്പിക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വികസനത്തിന് ദേശീയ ചട്ടക്കൂട് സൃഷ്ടിക്കൽ, പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യൽ, തുറസ്സായ സ്ഥലങ്ങൾക്കും വിനോദത്തിനും വേണ്ടിയുള്ള തന്ത്രം വികസിപ്പിക്കൽ, സമഗ്രമായ അടിസ്ഥാന സൗകര്യ പദ്ധതി, ദേശീയ അടിസ്ഥാന സൗകര്യ ഡാറ്റാബേസ് തുടങ്ങി പുരോഗതിയിലുള്ള നിരവധി പദ്ധതികൾ മന്ത്രി പരാമർശിച്ചു.
ഖത്തറിൻ്റെ 2030 ദേശീയ ദർശനത്തിന് അനുസൃതമായി ലുസൈൽ സിറ്റി എങ്ങനെ സ്‍മാർട്ട് സിറ്റിയായി വികസിപ്പിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. നഗരം ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ലൈവ് ഡാറ്റാ വിശകലനവും ഉപയോഗിച്ച് വളരെ കാര്യക്ഷമമായി കണക്റ്റു ചെയ്യുന്നതുമായിരിക്കും. സ്‍മാർട്ട് സിറ്റികളിലുള്ള നൂതന സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും ആർക്കിടെക്ച്ചർ, ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയിലെ പുതിയ കണ്ടെത്തലുകളും കാണാൻ മന്ത്രിയും സംഘവും പ്രദർശനം സന്ദർശിക്കുകയും ചെയ്‌തു.