ഈദ് അൽ അദ്ഹയുടെ ഭാഗമായി ആടുകളുടെ ലഭ്യത വർധിപ്പിച്ച് ഖത്തറിലെ പ്രാദേശിക ഫാമുകൾ

ഈദ് അൽ-അദ്ഹ ഒരുക്കങ്ങളുടെ ഭാഗമായി, ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം വിദാം ഫുഡ് കമ്പനിക്ക് പ്രാദേശികമായി വളർത്തിയ 4,161 ആടുകളെ നൽകി. വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) നേതൃത്വം നൽകുന്ന ദേശീയ സംരംഭത്തിന്റെ ഭാഗമാണിത്, മുനിസിപ്പാലിറ്റിയുടെയും വിദാമിന്റെയും സഹകരണത്തോടെ, പ്രാദേശിക മാംസ ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിനും ഉത്സവ സീസണിൽ വില സ്ഥിരതയോടെ നിലനിർത്തുന്നതിനുമായാണ് ഈ സംരംഭം.

മന്ത്രാലയത്തിന്റെ പ്രാദേശിക വിതരണ പരിപാടിയിൽ രജിസ്റ്റർ ചെയ്‌ത 98 പേരിൽ നിന്ന് തിരഞ്ഞെടുത്ത 58 പ്രാദേശിക ബ്രീഡർമാരാണ് ആടുകളെ വിതരണം ചെയ്തത്. ഖത്തർ ടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, ബ്രീഡർമാരുടെയും വിതരണം ചെയ്‌ത ആടുകളുടെയും എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 66% വർദ്ധനവ് ഇത് കാണിക്കുന്നു. കൂടുതൽ ബ്രീഡർമാരുടെ ഡെലിവറി പൂർത്തിയാകുന്നതോടെ ഈ വർഷം മൊത്തം 6,250 പ്രാദേശിക ആടുകളെ എത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

റമദാൻ, ഈദ് പോലുള്ള സമയങ്ങളിൽ പ്രാദേശിക കന്നുകാലി കർഷകരെ പിന്തുണയ്ക്കുകയും റെഡ് മീറ്റിന്റെ വില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഓരോ ബ്രീഡറും നൽകുന്ന ആടുകളുടെ എണ്ണത്തെ ആശ്രയിച്ച് വിലയിലെ സബ്‌സിഡികൾ, സൗജന്യമായി നൽകുന്ന അനിമൽ ഫുഡ് എന്നിവ സഹായങ്ങളിൽ ഉൾപ്പെടുന്നു. ഈദിന് ആവശ്യമായ മൊത്തം ആടുകളുടെ ഏകദേശം 50% നൽകാനാണു ഈ സംരംഭം പദ്ധതിയിടുന്നത്. ഓരോ ആടിനും 1,500 റിയാൽ നൽകുന്നതിലൂടെ ബ്രീഡർമാർ ഏകദേശം 9.4 ദശലക്ഷം റിയാൽ വരുമാനം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

18 വയസ്സും അതിൽ കൂടുതലുമുള്ള ഖത്തരി പൗരന്മാർക്ക് സബ്‌സിഡി നിരക്കിൽ ഓരോ ആടിനെ വീതം വാങ്ങാമെന്ന് MoCI യിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. മുഹമ്മദ് മുബാറക് അൽ-അമേരി വിശദീകരിച്ചു. തദ്ദേശീയവും ഇറക്കുമതി ചെയ്യുന്നതുമായ ആടുകൾക്ക് 1,000 റിയാലാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ആടിനെ വാങ്ങുന്നത് എളുപ്പമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി, അൽ ഷമാൽ, അൽ ഖോർ, അൽ മസ്രൂഅ, അൽ വക്ര, അൽ ഷഹാനിയ, അബു നഖ്‌ല എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

വെറ്ററിനറി, സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്യാനുള്ള അപേക്ഷകൾ അവലോകനം ചെയ്യുകയും, പെർമിറ്റുകൾ നൽകുകയും, മൃഗങ്ങൾ ആരോഗ്യമുള്ളതാണെന്ന് ഉറപ്പാക്കാൻ എൻട്രി പോയിന്റുകളിൽ പരിശോധിക്കുകയും ചെയ്യുന്നു.

വിൽപ്പന കേന്ദ്രങ്ങളുമായി ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം പരിശോധനാ സംഘങ്ങളും ദിവസേന ഇതിന്റെ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv

Exit mobile version