കട്ടായ വൈദ്യുതി 5 മിനിറ്റിൽ തിരിച്ചു വരും! സംവിധാനവുമായി കഹ്‌റാമ 

ദോഹ: ബിൽ അടച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വിദൂരമായി വൈദ്യുതി പുനഃസ്ഥാപിക്കുന്ന സംവിധാനം സ്മാർട്ട് മീറ്ററുകളിൽ ലഭ്യമായി തുടങ്ങിയതായി ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) അറിയിച്ചു.

വിച്ഛേദിക്കപ്പെട്ട വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് ഫീൽഡ് ടീമിനെ അയയ്‌ക്കുന്നതിന് കഹ്‌റാമ ഹോട്ട്‌ലൈനിലേക്ക് വിളിക്കേണ്ട ആവശ്യമില്ലാത്തതിനാൽ, മാനുവൽ വൈദ്യുതി റീ-കണക്ഷൻ സംവിധാനം ഒഴിവാക്കാനും ഉപഭോക്താക്കളുടെ സമയം ഗണ്യമായി ലാഭിക്കാനും ഇത് സഹായിക്കും.

2021-ന്റെ നാലാം പാദത്തിൽ (Q4) രാജ്യത്തുടനീളം സാധാരണ മീറ്ററുകൾക്ക് പകരം 200,000-ലധികം സ്മാർട്ട് വൈദ്യുതി മീറ്ററുകളുണ്ടെന്ന് കഹ്‌റാമ അടുത്തിടെ ഒരു റിപ്പോർട്ടിൽ പറഞ്ഞു. 97% കൃത്യതയാണ് ഈ മീറ്ററുകൾ ഉറപ്പുവരുത്തുന്നത്.

ഡിജിറ്റൽ പരിവർത്തനത്തിനായുള്ള കഹ്‌റാമയുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ സ്മാർട്ട് മീറ്റർ, ഊർജ്ജ ഉപഭോഗം കൂടുതൽ കൃത്യമായും ഫലപ്രദമായും പഠിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായും വേഗത്തിലും കൈമാറുന്നതിനുമായി 600,000 നൂതന ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Exit mobile version