ദോഹ: വലിയ പെരുന്നാൾ അവധി ദിനങ്ങളിൽ ഹമദ് ഇന്റര്നാഷണൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചെക്ക് ഇന്നുകൾ ഓണ്ലൈൻ ആയി ചെയ്യുകയും ഫ്ളൈറ്റിന് 3 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തുകയും വേണം. യാത്രക്കാരെല്ലാം തന്നെ ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് പിസിആർ ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ആയവരോ ആയിരിക്കണം. എച്ച്ഐഎയുടെ സെൽഫ് സർവീസ് ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യാൻ അവസരമുണ്ട്. ബോർഡിംഗ് പാസ് പ്രിന്റെടുത്ത് ബാഗ് ടാഗ് ഉപയോഗിച്ചു ബാഗുകൾ കെട്ടിയ ശേഷം കൃത്യസ്ഥലത്തു നിക്ഷേപിച്ച് ബോർഡിംഗ് കണ്ട്രോളിലേക്ക് നീങ്ങാം.
സുരക്ഷയെ കണക്കിലെടുത്ത്, യാത്രക്കാർക്ക് മാത്രമാണ് ടെർമിനൽ ബിൽഡിംഗിലേക്ക് പ്രവേശനാനുമതി. അനുഗമിക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമെല്ലാം ഷോർട്ട് ടെം കാർ പാർക്കിൽ മാത്രമാണ് അനുവാദമുള്ളത്.
യാത്രക്കാരെല്ലാം പോകുന്ന രാജ്യത്തെ കോവിഡ് യാത്രാ നിയമങ്ങളെ കുറിച്ചു അറിഞ്ഞിരിക്കാൻ എച്ച്.ഐ.എ നിർദ്ദേശിക്കുന്നുണ്ട്. ഇത് ചെക്ക് ഇൻ പ്രക്രിയ എളുപ്പമാക്കും. പുറപ്പെടൽ സമയത്തിന് ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ അവസാനിക്കും.
സുരക്ഷാ പരിശോധനയിൽ, ലിക്വിഡ്, എയ്‌റോസോൾ, ജെല്ലുകൾ പോലുള്ള നിരോധിത വസ്തുക്കളൊന്നും വഹിക്കില്ലെന്നു യാത്രക്കാർ ഉറപ്പുവരുത്തണം. ദ്രാവകവസ്തുക്കൾ 100 എംഎല്ലോ അതിൽ കുറവോ ഉള്ള വീണ്ടും സീൽ ചെയ്ത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ബാഗുകളിൽ വേണം സൂക്ഷിക്കാൻ. മൊബൈൽ ഫോണിനെക്കാൾ വലിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗിൽ നിന്ന് പുറത്തെടുത്ത് എക്‌സ് റേ ട്രേയിൽ സ്കാൻ ചെയ്യാൻ നൽകണം. ഹവർ ബോർഡ് പോലുള്ള ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറിയ വാഹനങ്ങൾക്ക് ലഗ്ഗേജിൽ വിലക്കുണ്ട്. പെറ്റ് മൃഗങ്ങളുമായി യാത്ര ചെയ്യുന്നതും അധികൃതർ പരമാവധി നിരുത്സാഹപ്പെടുത്തുന്നു.
ഹമദിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ എല്ലാം തന്നെ HIAQatar എന്ന മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നത് നല്ലതായിരിക്കും. ഫ്‌ളൈറ്റ് സ്റ്റാറ്റസ്, ബാഗേജ്ജ് വിവരങ്ങൾ, സമയം, ബോർഡിംഗ് ഗേറ്റിലേക്കും ഭക്ഷണകേന്ദ്രങ്ങളിലേക്കുമെല്ലാമുള്ള വിവരങ്ങൾ, ഖത്തർ ഡ്യൂട്ടി ഫ്രീയിൽ നിന്നുള്ള പുതിയ ഓഫറുകൾ മുതലായവയെല്ലാം ലഭിക്കാൻ ഈ ആപ്പ് സഹായകമാകും.
എല്ലാ യാത്രക്കാരും നിർബന്ധമായും ehteraz.gov.qa എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ട്രാവൽ ഓതറൈസേഷൻ നിർണായകമാണ്. തിരികെ ഖത്തറിലേക്ക് മടങ്ങുമ്പോൾ എയർലൈനുകൾക്ക് മുന്നിൽ ഈ ഓതറൈസേഷൻ സമർപ്പിക്കേണ്ടതായുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: MOPH website: https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx
ടെർമിനലിലെ സൈനേജുകളുടെ സഹായം പോരാതെ വരുന്നവരെ സഹായിക്കാനായി എയർപോർട്ടിൽ സ്റ്റാഫുകളെ വിന്യസിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലും അടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ തുടരണമെന്നും ഹമദ് അധികൃതർ അറിയിച്ചു.