ഖത്തറില്‍ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള സമയപരിധി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10 മുതല്‍ 2021 ഡിസംബര്‍ 31 വരെയാണ് അനുവദിച്ച സാവകാശ പരിധി.
റെസിഡന്‍സി നിയമങ്ങള്‍, വര്‍ക്ക് വീസാ നിയമം, ഫാമിലി വിസിറ്റ് വീസാ നിയമം എന്നിവ ലംഘിച്ചിട്ടുള്ള എല്ലാ പ്രവാസികള്‍ക്കും തങ്ങളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനും നിയമ നടപടികൾ ഒഴിവാക്കാനും ഈ ‘ഗ്രേസ് പിരീഡ്’ പ്രയോജനപ്പെടുത്താനാകും.
ഇക്കാലയളവിൽ, ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
നിയമലംഘനം നടത്തിയ പ്രവാസികളും, തൊഴിലുടമകളും സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിനെയോ അല്ലെങ്കില്‍ താഴെ പറയുന്ന ഏതെങ്കിലും സേവന കേന്ദ്രങ്ങളേയോ സമീപിക്കണം:
ഉമ്മ് സലാല്‍, ഉമ്മ് സുനൈം (മുൻപ് ഇൻഡസ്ട്രിയൽ ഏരിയ), മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിൽ ഒത്തുതീര്‍പ്പിനായി സമീപിക്കാം.
ഒത്തുതീര്‍പ്പ് തുക ഒഴിവാക്കി നൽകാനോ അല്ലെങ്കിൽ, നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തുക കുറച്ചു നല്‍കാനോ ഈ കേന്ദ്രങ്ങളിൽ അപേക്ഷിക്കാം.
പ്രവാസികളുടെ എൻട്രിയും എക്സിറ്റും നിയന്ത്രിക്കുന്ന 2015 ലെ നിയമം 21 ലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് പുതിയ ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.