ദോഹ: ദോഹയിലെ റീജൻസി ഹാളിൽ ഇന്നലെ റാസ-ബീഗം നയിച്ച ഗസൽ സന്ധ്യ ഖത്തറിലെ സംഗീതപ്രേമികളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
“ഒരിക്കൽ കൂടി” എന്ന പേരിൽ ഇന്നലെ വൈകുന്നേരം 7 മണിക്ക് സ്കൈ മീഡിയ സംഘടിപ്പിച്ച ഗസൽ സന്ധ്യയാണ് ദോഹയിലെ സംഗീതസ്വാദകർ ഹൃദയം കൊണ്ടേറ്റു വാങ്ങിയത്.
ഖത്തറിലെ സംഗീതപ്രേമികളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും അതിയായ സന്തോഷവും സംഗീത യാത്രയിൽ പ്രചോദനവും നല്കുന്നെന്നു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് റാസയും ബീഗവും പറഞ്ഞു.
യൂട്യൂബിൽ വൻ ഹിറ്റായ “നീയെറിഞ്ഞ കല്ല് പാഞ്ഞ്’ എന്ന ഗാനം മകൾ സൈനബ് ആലപിച്ചു. ഗസൽ ഗായകനായ ഉമ്പായിയുടെ മകൻ സമീർ ഗിറ്റാറും ജിത്തു ഉമ്മൻ തോമസ് തബലയും വിവേക് രാജ വയലിനും വായിച്ചു. ജിത്തു തോമസ്സിന്റെയും വിവേക് രാജയുടെയും സോളോ പെർഫോമൻസുകളും സദസ്സ് ആരവങ്ങളോടെ വരവേറ്റു.
സ്കൈ മീഡിയ മാനേജിങ് ഡയറക്ടർ യു എസ് പ്രേംസിംഗ്, ഡയറക്ടർ ജസീം ആനിക്കോത്ത, ക്യൂബ് എന്റർടൈൻമെന്റ് എം ഡി നിഷാദ് ഗുരുവായൂർ, ദോഹ സ്റ്റേജ് എം ഡി മുസ്തഫ എം വി, ഇൻസ്പൈർ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഷാദ് ബാബു എന്നിവരാണ് പരിപാടിയുടെ സംഘാടകർ.