ഏത് മാർഗത്തിൽ ഖത്തറിലേക്ക് വരാനും ഇഹ്തിറാസിൽ മുൻകൂർ രെജിസ്ട്രേഷൻ ഇനി നിർബന്ധം. ഇല്ലെങ്കിൽ നോ എൻട്രി.

ദോഹ: കര, നാവിക, വ്യോമയാനമാർഗം, ഉൾപ്പെടെ ഏത് രീതിയിൽ ഖത്തറിലെത്തുന്നവരും യാത്ര പുറപ്പെടുന്നതിന് മുൻപ് ഇനി ഇഹ്തിറാസ് വെബ്‌സൈറ്റിൽ (https://www.ehteraz.gov.qa) മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധം. ഖത്തറിന്റെ പുതിയ ട്രാവൽ നയം പ്രാബല്യത്തിൽ വന്ന ഇന്നലെ മുതൽ തന്നെയാണ് പ്രീ-റെജിസ്ട്രേഷൻ നിബന്ധന കടുപ്പിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്. ഖത്തറിലേക്കുള്ള പ്രവേശന നടപടികൾ എളുപ്പമാക്കാനായി എല്ലാ യാത്രക്കാരും ഇഹ്തിരാസിൽ പ്രീ-രെജിസ്റ്റർ ചെയ്യണമെന്ന് ഖത്തർ ഗവണ്മെന്റ് കമ്യുണിക്കേഷൻ ഓഫീസ് (GCO) അറിയിച്ചു.

യാത്രക്ക് മുൻപ് കൂടിയത് 72 മണിക്കൂറിനും കുറഞ്ഞത് 12 മണിക്കൂറിനും ഇടയിലാണ് റെജിസ്ട്രേഷൻ ചെയ്യേണ്ടത്. വെബ്സൈറ്റിലെത്തി യാത്രക്കാർ, യൂസർനെയിമും പാസ്‌വേഡും നൽകി സ്വന്തം അക്കൗണ്ട് സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും രേഖകൾ അപ്ലോഡ് ചെയ്യുകയും വേണം. 

ഖത്തർ പൗരന്മാരും റെസിഡന്റ്സും അവരുടെ ഐഡി നമ്പർ നൽകണം. ജിസിസി പൗരന്മാർ പാസ്‌പോർട്ട് നമ്പർ ആണ് നൽകേണ്ടത്. ഖത്തറിലേക്ക് വിസിറ്റിങ്ങ് വിസയിൽ വരുന്നവർ ആകട്ടെ, പാസ്‌പോർട്ട് നമ്പറിനൊപ്പം വിസ നമ്പറും നൽകണം.

എല്ലാ ഉപയോക്താക്കളും സ്വീകരിച്ച വാക്സീന്റെ ടൈപ്പും അവസാന ഡോസ് ലഭിച്ച തിയ്യതിയും നൽകണം. കോവിഡ് ബാധിച്ചു മാറിയ യാത്രക്കാർ അവസാന രോഗബാധയുടെ തിയ്യതി പൂരിപ്പിക്കേണ്ടതുണ്ട്.

ശേഷം, പാസ്‌പോർട്ട്, ഔദ്യോഗിക വാക്സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് റിപ്പോർട്ട് എന്നിവയുടെ ഡിജിറ്റൽ കോപ്പികൾ അപ്ലോഡ് ചെയ്യണം. വാക്സീൻ സ്വീകരിക്കാത്ത, നിര്ബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യമായ യാത്രക്കാർ ഹോട്ടൽ ബുക്കിംഗിന്റെ കോപ്പിയും അപ്ലോഡ് ചെയ്യണം.

ഇത്രയും വിവരങ്ങൾ നൽകി അപേക്ഷിക്കുന്നതോടെ, അപേക്ഷയുടെ സ്റ്റാറ്റസ് യാത്രക്കാർക്ക് സൈറ്റിൽ കാണാം. അപേക്ഷ അപ്പ്രൂവ്ഡ് ആണോ അല്ല പ്രൊസീജ്യറുകൾ ബാക്കിയുണ്ടോ എന്ന നിർദ്ദേശം സ്‌ക്രീനിൽ കാണിക്കുന്നതാണ്. ഇഹ്തിരാസ് മൊബൈൽ ആപ്ലിക്കേഷനിലൂടെയും പ്രീ-രജിസ്‌ട്രേഷൻ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനുള്ള ലിങ്ക് ഉണ്ട്.

ഖത്തറിലേക്ക് വരുന്നവർക്ക് അതീവസഹായകരമാകാൻ ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ. വിശദവിവരങ്ങൾ

നേരത്തെ, അബു സാമ്രാ അതിർത്തി വഴി കരമാർഗം ഖത്തറിലെത്തുന്നവർക്കായി തുടങ്ങിയ സേവനമായിരുന്നു ഇത്. പിന്നീട് ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാർക്കുമായി വികസിപ്പിച്ചു. എന്നാൽ അപ്പോഴും സേവനം സർക്കാർ നിർബന്ധമാക്കിയിരുന്നില്ല. വേണ്ടവർക്ക് ചെയ്യാം എന്ന് നിലയിലായിരുന്നു. ജൂലൈ 8 ന് പുതിയ യാത്രാനയം പ്രഖ്യാപിച്ചതിനൊപ്പം, വിമാനയാത്രക്കാരെല്ലാം പ്രീ-രജിസ്റ്റർ ചെയ്യണം എന്ന് കർശന നിർദ്ദേശവുമുണ്ടായിരുന്നു. നിലവിൽ നിർദ്ദേശം കടുപ്പിക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. ഇഹ്തിറാസ് മുൻകൂർ റെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് പ്രവേശനാതിർത്തി കടക്കാൻ ആവില്ല.

ക്വാറന്റീൻ ആവശ്യമുള്ളവരും ഇല്ലാത്തവരുമായ യാത്രക്കാരെ തിരിച്ചറിയാൻ ഇഹ്തിറാസ് റെജിസ്ട്രേഷൻ സർക്കാരിനെ സഹായിക്കുന്നുണ്ട്. കടലാസ് രേഖകൾ ക്യൂ നിന്ന് പരിശോധിക്കുന്നത് ഒഴിവാക്കുക വഴിയും ഒന്നിലധികം പേപ്പർ രേഖകൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുക വഴിയും വലിയ രീതിയിലുള്ള സൗകര്യമാണ് സേവനം വിമാനത്താവളങ്ങളിലും മറ്റും നൽകുന്നതെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ യൂസഫ് അൽ മസൽമാനി പറഞ്ഞു.  

Exit mobile version