അൽ തെമൈദിൽ പുതിയ പള്ളി തുറന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം

എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്‌ലാമിക കാര്യ മന്ത്രാലയം (ഔഖാഫ്) അവരുടെ മോസ്‌ക് ഡിപ്പാർട്ട്‌മെൻ്റ് വഴി അൽ തെമൈദിൽ ഒരു പുതിയ പള്ളി തുറന്നു. 4,895 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഈ പള്ളിയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 575 പേർക്ക് നിസ്‌കാരം നടത്താനാവും. ഔഖാഫ് പ്രസ്‌താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

മുഹമ്മദ് ഹമൂദ് ഷാഫി അൽ-ഷാഫിയുടെ സംഭാവനയായാണ് പള്ളി പണിതത്. ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായി, വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും നഗരവികസനത്തിനും അനുസൃതമായി രാജ്യത്തുടനീളമുള്ള പള്ളികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ഔഖാഫിൻ്റെ തീരുമാനത്തിന്റെ ഭാഗമായാണ് പള്ളി തുറന്നത്.

MS 1412 എന്ന് ലേബൽ ചെയ്‌തിരിക്കുന്ന മസ്‌ജിദിൽ 500 പുരുഷന്മാർക്കുള്ള പ്രധാന പ്രാർത്ഥനാ ഹാളും 75 സ്ത്രീകൾക്ക് പ്രത്യേക സ്ഥലവുമുണ്ട്. ഒരു വലിയ വുദു ഏരിയ, ധാരാളം പാർക്കിംഗ് ഇടങ്ങൾ (ചിലത് വികലാംഗർക്ക്), വികലാംഗർക്ക് അനുയോജ്യമായ പ്രവേശന കവാടങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഉയരമുള്ള മിനാരമാണ് മസ്‌ജിദിന്റെ പ്രധാന സവിശേഷത.

മന്ത്രാലയത്തിൻ്റെ എഞ്ചിനീയറിംഗ് കാര്യ വകുപ്പ് രാജ്യത്തുടനീളമുള്ള പള്ളികളുടെ നിർമ്മാണവും പരിപാലനവും ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്ന, ശരിയായ അറ്റകുറ്റപ്പണി ഉറപ്പാക്കുന്ന, പാരിസ്ഥിതികവും പൈതൃകവുമായ മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്ന മസ്ജിദുകൾ നിർമ്മിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മസ്‌ജിദുകൾ രൂപകൽപന ചെയ്യുമ്പോൾ, ജനസാന്ദ്രത, സുസ്ഥിരത, പരമ്പരാഗത ഖത്തറി, ഇസ്‌ലാമിക വാസ്തുവിദ്യ എന്നിവയാണ് ഡിപ്പാർട്ട്‌മെൻ്റ് പരിഗണിക്കുന്നത്. ജിപിഎസ് മാപ്പുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പള്ളികൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് ഔഖാഫ് ഒരു ഓൺലൈൻ ടൂളും നൽകുന്നു.

Exit mobile version