11-ാമത് ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഇന്നലെ അൽ ബിദ്ദ പാർക്കിൽ ഔദ്യോഗികമായി ആരംഭിച്ചു. ഒപ്പം കോർണിഷിൽ, തത്സമയ പാചക ഡെമോ, ജഗ്ലർമാർ, യൂണിസൈക്കിൾ, ഫയർവർക്ക്‌സ് തുടങ്ങിയവ ആഘോഷത്തിന് അകമ്പടിയായി.

ഡിസംബർ 17 വരെ അൽ ബിദ്ദ പാർക്കിലും ഡിസംബർ 3 വരെ കോർണിഷിലും നടക്കുന്ന ക്യുഐഎഫ്എഫിന്റെ പതിനൊന്നാമത് എഡിഷൻ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒയും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബേക്കറാണ് ഉദ്ഘാടനം ചെയ്തത്.

സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ഫെസ്റ്റിവലെന്നും ഖത്തറിന്റെ പ്രകൃതിരമണീയമായ വേദികളിൽ ഭക്ഷ്യ-പാനീയ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള പാചക കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അൽ ബേക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ക്യുഐഎഫ്എഫ് ഈ വർഷത്തെ ഒരു ‘നാഴികക്കല്ല് പതിപ്പായി’ അൽ ബേക്കർ വിശേഷിപ്പിച്ചു.  “ഞങ്ങൾക്ക് ആഗോളതലത്തിൽ പ്രശസ്തരായ 16 സെലിബ്രിറ്റി ഷെഫുകൾ ഉണ്ട്, അതിൽ എട്ട് ലോകോത്തര ഷെഫുകൾ ഞങ്ങളോടൊപ്പം ചേരുന്നു.  ലോകമെമ്പാടുമുള്ള ജനപ്രിയ പാചകരീതികൾ പ്രദർശിപ്പിക്കുന്നതിനായി ഈ പാചക വിദഗ്‌ദ്ധരെ ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

വിജയകരമായ ഖത്തരി പദ്ധതികളുടെ ലോഞ്ച് പാഡായി ഫെസ്റ്റിവലിനെ ഉപയോഗിക്കുന്ന സംരംഭകർ വർധിച്ചുവരുന്നതായും ചെയർമാൻ ചൂണ്ടിക്കാട്ടി.

Exit mobile version