ലോകകപ്പിന് ആയിരങ്ങളുടെ ജീവന്റെ വില; ആക്ഷേപത്തിനെതിരെ തിരിച്ചടിച്ച് ഖത്തർ

ത്തർ ലോകകപ്പിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചുള്ള ഡെൻമാർക്കിന്റെ ലോകകപ്പ് കിറ്റ് സ്പോൺസർ ഹമ്മലിന്റെ പ്രസ്താവനക്കെതിരെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി രംഗത്തെത്തി. “ഈ ടൂർണമെന്റ് ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തിയെന്ന ഹമ്മലിന്റെ അവകാശവാദത്തെ ഞങ്ങൾ നിരാകരികുന്നതായി” സുപ്രീം കമ്മിറ്റി വ്യാഴാഴ്ച പറഞ്ഞു.

“ആയിരങ്ങളുടെ ജീവനെടുത്ത ലോകകപ്പിനോടുള്ള” പ്രതിഷേധ സൂചകമായി ഡെന്മാർക്കിന്റെ ലോകകപ്പ് ജഴ്‌സിയിലെ കമ്പനിയുടെ ലോഗോയുടെ നിറം മങ്ങിപ്പിക്കുന്നതായും കറുത്ത കിറ്റ് പുറത്തിറക്കുന്നതായും ഹമ്മൽ പറഞ്ഞതിന് പിന്നാലെയാണ് എസ്‌സി പ്രതികരണവുമായെത്തിയത്.

ആരോപണങ്ങൾ നിരസിച്ച സുപ്രീം കമ്മിറ്റി, കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ സ്പോർട്സ് കമ്പനി “നിസാരവത്കരിക്കുക”യാണെന്ന് പറഞ്ഞു.

“…ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളും മറ്റ് ടൂർണമെന്റ് പ്രോജക്റ്റുകളും നിർമ്മിച്ച 30,000 തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ യഥാർത്ഥ പ്രതിബദ്ധതയെ നിസ്സാരമാക്കുന്നത് ഞങ്ങൾ പൂർണ്ണഹൃദയത്തോടെ നിരസിക്കുന്നു. അതേ പ്രതിബദ്ധത ഇപ്പോൾ വിവിധ ടൂർണമെന്റ് സേവനങ്ങളിലുള്ള 150,000 തൊഴിലാളികളിലേക്കും ഹോസ്പിറ്റാലിറ്റി മേഖലയിലെ 40,000 തൊഴിലാളികളിലേക്കും വ്യാപിക്കുന്നു.”

“എസ്‌സിയുടെ പ്രവർത്തനം അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മ്യൂണിറ്റിയിലെ നിരവധി സ്ഥാപനങ്ങൾ മാതൃകയായി അംഗീകരിക്കുന്നു. ഖത്തറിന്റെ പരിഷ്‌കാരങ്ങൾ ILO (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ), ITUC (ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ) എന്നിവ ഈ മേഖലയിലെ ഒരു മാനദണ്ഡമായി അംഗീകരിക്കുന്നു. എല്ലാ രാജ്യത്തെയും പോലെ ഈ വിഷയങ്ങളിലെ പുരോഗതിയും ഒരു ഫിനിഷ് ലൈൻ ഇല്ലാത്ത യാത്രയാണ്, ഖത്തറും ആ യാത്രയിൽ പ്രതിജ്ഞാബദ്ധമാണ്.”

“ഈ പൈതൃകത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ വ്യവസ്ഥയിൽ കാര്യമായ പരിഷ്കാരങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്.”

“ഞങ്ങൾ DBU (ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ) യുമായി ശക്തവും സുതാര്യവുമായ സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എസ്‌സിയുമായി അവരുടെ വിപുലമായ ആശയവിനിമയത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലം കൃത്യമായി അറിയിക്കാൻ ഞങ്ങൾ DBU-നോട് അഭ്യർത്ഥിക്കുന്നു. കൂടാതെ ഇത് ഹമ്മലിലെ അവരുടെ പങ്കാളികളുമായി കൃത്യമായി പങ്കുവെക്കാനും” – സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Exit mobile version