ഖത്തറിലെ രക്ഷിതാക്കൾക്കും ഗർഭിണികൾക്കും സുപ്രധാന നിർദ്ദേശവുമായി വാക്സിനേഷൻ മേധാവി

ക്ലാസ്മുറികളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് ഖത്തർ വാക്സിനേഷൻ മേധാവി സോഹ അൽ ബയാത്ത് അഭ്യർത്ഥിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അവർ.

12-15 പ്രായക്കാരിൽ കോവിഡ് അണുബാധയുടെ സങ്കീർണഫലങ്ങൾ താരതമ്യേന കുറവാണെങ്കിലും അവരുടെ രോഗാണുബാധ ദീർഘമായി തുടരാനും മറ്റുള്ളവരിലേക്ക്‌ പകരാനുമുള്ള സാധ്യത കൂടുതലാണെന്നും അൽ ബയാത്ത് പറഞ്ഞു. 

ഖത്തറിലെ ഗർഭിണികളോടും വാക്സിനേഷൻ പൂർത്തിയാക്കാൻ സോഹ അൽ ബയാത്ത് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീൻ മൂലം ഗർഭിണികൾക്ക് പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ അവർ, ലോകത്താകമാനം ലക്ഷക്കണക്കിന് ഗർഭിണികൾ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളതായി ചൂണ്ടിക്കാട്ടി. ഗർഭിണികൾക്ക് അതേ പ്രായത്തിലുള്ള സാധാരണ സ്ത്രീകളെക്കാൾ കോവിഡ് അണുബാധ രൂക്ഷമാകാൻ സാധ്യത ഉള്ളതിനാലാണ് വാക്സിനേഷൻ നിർദ്ദേശമെന്നും സോഹ വിശദീകരിച്ചു.

കോവിഡ് വളരെയേറെ ഗുരുതരമാകാൻ ഇടയുള്ള മുതിർന്ന പൗരന്മാരിൽ 10 ൽ 9 പേരും ഖത്തറിൽ വാക്സീൻ സ്വീകരിച്ചതായി അറിയിച്ച അവർ അത് പോരെന്നും അവശേഷിക്കുന്നവരും വാക്സീൻ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.

Exit mobile version