ഖത്തറിൽ ചെറിയ കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ജനുവരിയിൽ

ദോഹ: 5-11 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള ഫൈസർ-ബയോഎൻടെക് കോവിഡ് -19 വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയിൽ ഖത്തറിലെത്തുമെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ അറിയിച്ചു. സിദ്ര മെഡിസിനിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ മെഡിക്കൽ ഡയറക്ടറുമായ ഡോ. മുഹമ്മദ് ജാനാഹിയാണ് ഖത്തറിൽ കുട്ടികൾക്ക് വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുന്നതായി ഖത്തർ ടിവിയോട് വെളിപ്പെടുത്തിയത്.

പുതിയ രോഗവ്യാപനത്തിൽ 63 ശതമാനവും ഈ പ്രായക്കാർ ഉൾപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു,  “കുട്ടികൾക്ക് വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്, പഠനങ്ങളിൽ അസാധാരണമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല, ചെറിയ പാർശ്വഫലങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ,” അൽ ജനാഹി വിശദീകരിച്ചു.

മുതിർന്നവർക്ക് നൽകുന്ന ഡോസിനെ അപേക്ഷിച്ച് 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്ന ഡോസ് കുറവാണെന്ന് അദ്ദേഹം അറിയിച്ചു. “5 മുതൽ 11 വയസ്സ് വരെ പ്രായമുള്ളവർക്കുള്ള ഫൈസർ വാക്സിനേഷനിൽ, ഡോസ് മൂന്നിലൊന്നായി കുറച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 12 വയസും അതിനുമുകളിലും പ്രായമുള്ളവർക്ക് 30 മൈക്രോഗ്രാം നൽകുമ്പോൾ, 5-11 വയസ്സ് വരെയുള്ളവർക്ക് 10 മൈക്രോഗ്രാം മാത്രമാണ് നൽകുക,” അദ്ദേഹം വ്യക്തമാക്കി.  കുട്ടികൾക്ക് മൂന്ന് ആഴ്ചയ്ക്കുള്ളിൽ രണ്ട് ഡോസുകളും നൽകും.

Exit mobile version