മൻസൂറയിൽ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ച് ഖത്തർ കോടതി

2023 മാർച്ചിൽ ബിൻ ദുർഹാം ഏരിയയിലെ 13-ാം നമ്പർ കെട്ടിടം തകർന്നു വീണതുമായി ബന്ധപ്പെട്ടുള്ള വിധി ഇന്നലെ, 2024 നവംബർ 21 വ്യാഴാഴ്ച്ച ഖത്തറിലെ പ്രാഥമിക കോടതി പ്രസ്‌താവിച്ചു.

കോടതി എടുത്ത തീരുമാനങ്ങൾ:

– അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന മാനേജർക്ക് 5 വർഷം തടവ് ശിക്ഷ നൽകി.
– മെയിൻ്റനൻസ് കമ്പനിയുടെ കൺസൾട്ടൻ്റിനെ 3 വർഷം തടവിന് ശിക്ഷിച്ചു.
– കെട്ടിട ഉടമയെ 1 വർഷം തടവിന് ശിക്ഷിച്ചു, എന്നാൽ ഇത് സസ്‌പെൻഡ് ചെയ്‌തിട്ടുള്ളതിനാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല.

കോടതി ചുമത്തിയ പിഴകൾ:

– മെയിൻ്റനൻസ് കമ്പനി 500,000 ഖത്തർ റിയാൽ നൽകണം.
– കെട്ടിട ഉടമ 20,000 ഖത്തർ റിയാൽ നൽകണം.

ഇതിനു പുറമെ ഖത്തറികളല്ലാത്ത പ്രതികളെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും.

2023 മാർച്ച് 22-നാണ് മൻസൂറ പ്രദേശത്തെ നാല് നില കെട്ടിടം തകർന്നുവീണത്. സംഭവത്തിൽ ഒരാൾ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. സംഭവം നടക്കുമ്പോൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു.

2023-ൽ, കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള കോൺട്രാക്ടിംഗ് ഏജൻസിയുടെ ഡയറക്ടർക്കെതിരെയും കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വിധി പ്രസ്‌താവിച്ചിരുന്നു.

Exit mobile version