പ്രവാസികൾക്ക് വാക്സീൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാനും തെറ്റായ വിവരങ്ങൾ തിരുത്താനുമുള്ള സംവിധാനം കോവിൻ പോർട്ടലിൽ നിലവിൽ വന്നു.

ന്യൂഡൽഹി: രാജ്യത്ത് നിന്ന് വിദേശത്ത് പോകുന്നവർക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഔദ്യോഗിക വാക്സിനേഷൻ പോർട്ടലായ കോവിനി (CoWIN)ൽ നിലവിൽ വന്നു.

വാക്സീൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കേണ്ട ആവശ്യമുള്ളവർ, കോവിൻ സൈറ്റിൽ (cowin.gov.in) ലോഗിൻ ചെയ്യണം. ശേഷം Raise an issue എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

ശേഷം വരുന്ന ഡ്രോപ്പ്ഡൗണ് മെനുവിൽ പാസ്പോർട്ട് എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തിയുടെ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് പാസ്പോർട്ട് നമ്പറും ആവശ്യമായ വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്യാം. അപ്‌ഡേറ്റ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാം.

വാക്സീൻ സർട്ടിഫിക്കറ്റിൽ ഉള്ള വിവരങ്ങളും പാസ്പോർട്ട് വിവരങ്ങളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്താനും അവസരമുണ്ട്. ഇതിനായി, കോവിൻ പോർട്ടലിൽ ലോഗിൻ ചെയ്ത് Raise an issue ഓപ്‌ഷൻ തന്നെ തിരഞ്ഞെടുക്കുക. ഡ്രോപ്പ്ഡൗണ് മെനുവിൽ correction in certificate എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് കറക്റ്റ് ചെയ്യേണ്ട ആളുടെ പേരിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകുന്ന പ്രവാസികൾക്കും ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിദേശത്ത് പോകുന്ന കായികതാരങ്ങൾക്കും അവരുടെ സ്റ്റാഫുകൾക്കും വേണ്ടി രണ്ടു ഡോസുമടങ്ങുന്ന വാക്സീൻ പ്രക്രിയ വേഗത്തിലാക്കുന്ന പദ്ധതി ഇന്ത്യ ഗവണ്മെന്റ് ആവിഷ്കരിച്ചത് ഈ മാസം ആദ്യത്തോടെയാണ്. 

Exit mobile version