യുഎസ് പ്രതിരോധത്തിൽ തോൽവി വഴങ്ങി ഇറാൻ (1-0)

ഗ്രൂപ്പ് ബി അവസാന റൗണ്ടിൽ ഇന്നലെ അൽ തുമാമയിൽ നടന്ന മത്സരത്തിൽ ഇറാനെ 1-0 ന് തോൽപ്പിച്ച് അമേരിക്ക ലോകകപ്പ് അവസാന 16 ൽ ഇടം നേടി. 38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ച് ആണ് അമേരിക്കയ്ക്കായി ഗോൾ നേടിയത്.

സെർജിനോ ഡെസ്‌റ്റ് പന്ത് ഹെഡ് ചെയ്ത് പുലിസിക്കിന്റെ പാതയിലേക്ക് നയിച്ചു. പുലിസിച്ച് അത് വലയിലേക്ക് കോരി നൽകി. ആ കുതിപ്പിൽ തന്നെ ഇറാനിയൻ ഗോൾ കീപ്പർ അലിരേസ ബെയ്‌റാൻവാൻഡിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റു.

ഏതാനും മിനിറ്റുകളുടെ ശ്രുശ്രൂഷയ്ക്ക് ശേഷം പുലിസിച്ച് തിരിച്ചെത്തിയെങ്കിലും കാൽ പഴയ സ്ഥിതി പ്രാപിച്ചില്ല. വയറിന് പരിക്കേറ്റതിനെത്തുടർന്ന് ബ്രെൻഡൻ ആരോൺസണെയും അമേരിക്ക മാറ്റി.

പുലിസിച്ച് അമേരിക്കക്കാരെ മുന്നിലെത്തിക്കുന്നതിന് മുമ്പ് രണ്ട് മികച്ച അവസരങ്ങൾ ടിം വെഹയ്ക്ക് നഷ്ടമായി. ആദ്യ പകുതിയുടെ അവസാനത്തിൽ പന്ത് വലയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് ഓഫ്‌സൈഡ് ആയി വിധിക്കപ്പെട്ടു.

മുന്നേറാൻ ഒരു പോയിന്റ് മാത്രം ആവശ്യമുള്ള ഇറാൻ, കൗണ്ടറിൽ കളിക്കുന്നതിൽ ഒതുങ്ങി. രണ്ടാം പകുതി വരെ ഗോൾ നേടാനുള്ള മികച്ച ശ്രമങ്ങൾ ഒന്നും നേടാനായില്ല.

51–ാം മിനിറ്റിൽ പന്തുമായി യുഎസ് പോസ്റ്റിനു നേരെ ഓടിക്കയറിയ ഇറാന്റെ മെഹ്ദി തരേമിക്ക് യുഎസ് പ്രതിരോധം ഭേദിക്കാനായില്ല. 59–ാം മിനിറ്റിൽ തരേമിക്കു മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഷോട്ടെടുക്കും മുൻപേ റഫറി ഓഫ് സൈഡ് വിളിച്ചത് വിനയായി. 65–ാം മിനിറ്റിൽ ഇറാന്റെ പകരക്കാരൻ താരം ഗുദ്ദൊസിന്റെ ഷോട്ട് യുഎസ് പോസ്റ്റിനു വെളിയിലൂടെ പുറത്തേക്കു പോയി.

ഗ്രൂപ്പ് ബി ജേതാക്കളായ ഇംഗ്ലണ്ടിനേക്കാൾ രണ്ട് പോയിന്റ് പിന്നിലാണ് യുഎസ്. 1994 മുതൽ അഞ്ചാം തവണയും രാജ്യം അവസാന 16ൽ എത്തി. മൂന്ന് പോയിന്റുമായി ഇറാൻ മൂന്നാം സ്ഥാനത്തും വെയിൽസ് ഒരു പോയിന്റുമായി ഏറ്റവും താഴെയുമായി പുറത്തായി.

Exit mobile version