അപകടം മൊബൈലിൽ ഷൂട്ട് ചെയ്യുന്നത് കുറ്റകരം; എല്ലാ അനധികൃത ഫോട്ടോഗ്രഫിക്കും കാത്തിരിക്കുന്നത് കനത്ത ശിക്ഷ

മൊബൈൽ ഫോണുകളും ക്യാമറകളും ഉപയോഗിച്ച് അപകടങ്ങൾ ചിത്രീകരിക്കുന്നത് കുറ്റകരമാണെന്നും ഖത്തർ പീനൽ കോഡ് അനുസരിച്ച് ശിക്ഷാർഹമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ അവയർനെസ് ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് ഷെയ്ഖ് അഹമ്മദ് ഹസൻ അൽതാനി അറിയിച്ചു.

അപകടങ്ങൾ ഉൾപ്പെടെ, സ്വകാര്യ ജീവിതത്തിന്റെ വിശുദ്ധി ലംഘിക്കുന്ന എല്ലാ അനധികൃത ഫോട്ടോഗ്രാഫിയും 2017 ലെ നിയമഭേദഗതി പ്രകാരം, ഖത്തറിൽ രണ്ട് വർഷം വരെ തടവും 10,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച സംഘടിപ്പിച്ച സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഓണ്ലൈൻ വഞ്ചനകൾ ഇമെയിൽ, ഫോൺ, മെട്രാഷ് 2 വഴിയോ വ്യക്തിഗത സാന്നിധ്യം മുഖേനയോ സൈബർ വകുപ്പിനെ ഉടൻ അറിയിക്കണം. ഡിജിറ്റൽ തെളിവുകൾ വേഗത്തിൽ നശിപ്പിക്കപ്പെടാനുള്ള സാധ്യത തടയാനാണിത്.

2014 ലെ ഖത്തർ നിയമം നമ്പർ 14 (സൈബർ കുറ്റകൃത്യം തടയൽ നിയമം) അനുസരിച്ച്, വിവര സാങ്കേതിക വിദ്യയോ, വിവര സംവിധാനമോ, ഇന്റർനെറ്റോ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് ഉൾപ്പെടുന്ന ഏതൊരു പ്രവൃത്തിയും സൈബർ കുറ്റകൃത്യമാണ്.  

ഇത് പ്രകാരം, രാജ്യത്തെ സൈബർ ക്രൈം നിയമത്തിലെ പിഴകൾ കുറ്റകൃത്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും 10,000 റിയാൽ മുതൽ 500,000 റിയാൽ വരെ പിഴയും ലഭിക്കുന്ന ശിക്ഷകളുള്ളതായി അദ്ദേഹം വിശദമാക്കി.

Exit mobile version