അഫ്‌ഗാൻ അഭയാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കണം, ഖത്തർ ഉപപ്രധാനമന്ത്രിയെ വിളിച്ച് യുഎൻ ഹൈക്കമീഷണർ

ദോഹ: അഫ്‌ഗാനിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട അഭയാർത്ഥി പ്രശ്‌നം ചർച്ച ചെയ്യാൻ, അഭയർത്ഥികൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭ ഹൈകമീഷണർ ഫിലിപ്പോ ഗ്രാന്റി, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഥാനിയുമായി ഫോണിൽ ബന്ധപ്പെട്ടു. പലയിടങ്ങളായി പലായനം ചെയ്യപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തിനായി അന്താരാഷ്ട്ര തലത്തിൽ രൂപപ്പെടുത്തേണ്ട പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. അഫ്‌ഗാൻ അഭയാർത്ഥികളെ ഉടൻ തിരിച്ചയക്കാനുള്ള നടപടികൾ കൈക്കൊള്ളരുതെന്നും യുഎൻ ഹൈകമീഷണർ പ്രത്യേകം നിർദ്ദേശിച്ചു. അഫ്‌ഗാനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ഫിലിപ്പോ ഗ്രാന്റി ഈ ഉദ്യമങ്ങൾ അഫ്‌ഗാൻ അഭയാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഗുണകരമായി ഭവിക്കുമെന്നു പ്രത്യാശിക്കുന്നതായും അറിയിച്ചു.

യുഎസ് മിലിട്ടറിയുമായി സഹകരിച്ച 8000-ഓളം അഫ്‌ഗാൻ അഭയാർത്ഥികൾക്ക് താത്കാലിക അഭയസ്ഥാനം ഒരുക്കാൻ ഖത്തറുമായി അമേരിക്ക യോജിപ്പിലെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നൂറുകണക്കിന് അഭയാർത്ഥികളുമായി അമേരിക്കൻ സൈനികവിമാനം തിങ്കളാഴ്ച ദോഹയിലെത്തിയിരുന്നു. തുടർന്നും അഫ്‌ഗാൻ അഭയാർത്ഥികൾ ഖത്തറിലെത്തിയേക്കുമെന്നാണ് സൂചന.

Exit mobile version