പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) രാജ്യത്തുടനീളം 841 കിലോമീറ്റർ എക്സ്പ്രസ് വേകളും ഹൈവേകളും പൂർത്തിയാക്കി. ഖത്തറിൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കും വിധം പരസ്പരബന്ധിതവും ആധുനികവുമാണ് ഈ റോഡുകൾ. “അഷ്‌ഗലിലെ എക്‌സ്‌പ്രസ്‌വേ പ്രോജക്‌ട്‌സ് ഡിപ്പാർട്ട്‌മെന്റ് ഏകദേശം 841 കിലോമീറ്റർ എക്‌സ്‌പ്രസ്‌വേകളും ഹൈവേകളും നിർമ്മിച്ചു. സബാഹ് അൽ അഹമ്മദ് കോറിഡോർ ആണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്,” അഷ്‌ഗലിന്റെ റോഡ്‌സ് പ്രോജക്‌ട്‌സ് ഡിപ്പാർട്ട്‌മെന്റിലെ വെസ്റ്റേൺ ഏരിയാ വിഭാഗം മേധാവി ഫഹദ് അൽ ഒതൈബി അറിയിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഉം ലെഖ്ബ ഇന്റർചേഞ്ച് (ലാൻഡ്മാർക്ക് ഇന്റർചേഞ്ച്) വരെ നീളുന്ന സബാഹ് അൽ അഹമ്മദ് ഇടനാഴി, ഖത്തറിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുകയും ഫെബ്രുവരി 22 റോഡിന് ബദൽ പാതയാവുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
റോഡുകളുടെയും പാലങ്ങളുടെയും വികസനം, പ്രത്യേകിച്ച് അൽ മജ്ദ് റോഡ്, വടക്കൻ പ്രദേശങ്ങളെ തെക്കൻ മേഖലയുമായി എക്സ്പ്രസ് വേകൾ വഴി ബന്ധിപ്പിക്കുന്നത് നേട്ടങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അൽ ഒതൈബി പറഞ്ഞു. “അൽ ഷമാൽ റോഡ് പല പാതകളും പാലങ്ങളുമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് വാഹനമോടിക്കുന്നവർക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ എത്താൻ പ്രാപ്തമാക്കുന്നു,”
ലുസൈൽ എക്‌സ്പ്രസ് വേ, ജി റിംഗ് റോഡ്, ദുഖാൻ ഹൈവേ, സബാഹ് അൽ അഹമ്മദ് കോറിഡോർ എന്നിവയാണ് അഷ്ഗാൽ നിർമ്മിച്ച പ്രധാന റോഡ് പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രോജക്ടുകളെ സംബന്ധിച്ച്, 8 സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകളുടെ സംയോജിത ശൃംഖല നിർമ്മിക്കാൻ അഷ്ഗാൽ പ്രതിജ്ഞാബദ്ധമാണ്. എട്ട് വേദികൾ വിപുലമായ നെറ്റ്‌വർക്കിലാണ് പ്രവർത്തിക്കുന്നത്, ഏകദേശം 99 ശതമാനം ജോലികളും പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
2022 ഫിഫ വേൾഡ് കപ്പിൽ മെട്രോ സ്റ്റേഷനുകളും വാണിജ്യ മേഖലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ബസ് സ്റ്റോപ്പുകളും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ പദ്ധതികളുടെ പൂർത്തീകരണം ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളുടെയും ഏകോപനമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.