അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി ലോൽവ ബിൻത് റാഷിദ് അൽ ഖാതർ കഴിഞ്ഞ ദിവസം മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ “ടുഗെദർ വി ആർ” എന്ന പേരിൽ ഒരു പ്രദർശനം ഉദ്ഘാടനം ചെയ്‌തു. ഈജിപ്‌തിലെ ചിൽഡ്രൻസ് കാൻസർ ഹോസ്‌പിറ്റലിൽ നിന്നുള്ള യുവാക്കളായ രോഗികൾ സൃഷ്ടിച്ച 36-ലധികം കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഖത്തർ മ്യൂസിയംസിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും ഖത്തറിലെ ഈജിപ്‌ത് അംബാസഡർ അമർ കമാൽ എൽ ദിൻ എൽ ഷെർബിനിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
നവംബർ 7 വരെ നടക്കുന്ന പ്രദർശനം, മാനസികവും ശാരീരികവുമായ ആരോഗ്യം നൽകാൻ കലയ്ക്ക് കഴിയുന്നത് എങ്ങിനെയാണെന്ന് കാണിക്കുകയും ഖത്തറും ഈജിപ്‌തും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. കാൻസർ ചികിത്സയ്ക്ക് വിധേയരായ കുട്ടികൾ നിർമ്മിച്ച കലാസൃഷ്ടികളിൽ, പെയിൻ്റിംഗുകളും ഡ്രോയിങുകളുമെല്ലാം ഉൾപ്പെടുന്നു.
ഉദ്ഘാടന വേളയിൽ, വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി ഈ കലാസൃഷ്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അതിനു പുറമെ പ്രയാസങ്ങൾ സഹിക്കുന്ന ഗാസയിലെ ജനങ്ങളുടെ സഹിഷ്ണുതയെയും അൽ ഹാഷ്മി പരാമർശിക്കുകയുണ്ടായി.
ഗാസയിൽ നിന്ന് അതിജീവിച്ച ചിലർ തങ്ങളുടെ അനുഭവങ്ങളും ശക്തിയും പങ്കുവയ്ക്കാൻ പ്രദർശനത്തിന് കലാപരമായ സംഭാവന നൽകിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോസ്‌പിറ്റൽ 57357-ലെ ജീവനക്കാർക്ക് അദ്ദേഹം നന്ദി പറയുകയും പ്രദർശനം നടത്തിയതിന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിനെ അഭിനന്ദിക്കുകയും ചെയ്തു.
യുവാക്കളായ സ്രഷ്‌ടാക്കളുടെ കരുത്തും നിശ്ചയദാർഢ്യവും വെളിപ്പെടുത്തുന്ന പ്രദർശനം സംഘടിപ്പിച്ചതിലുള്ള സന്തോഷം ഇസ്‌ലാമിക് ആർട്ട് മ്യൂസിയം ഡയറക്ടർ ഷെയ്ഖ നാസർ അൽ നാസർ പങ്കുവെച്ചു.