ഖത്തറിലെ വിവിധ റോഡുകളിൽ താത്കാലിക അടച്ചിടൽ. റോഡ് യാത്രക്കാർ ശ്രദ്ധിക്കുക. 

ദോഹ: അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ ഖത്തറിലെ വിവിധ റോഡുകൾ താത്കാലികമായി നിശ്ചിത സമയം അടഞ്ഞു കിടക്കുമെന്ന് അഷ്ഖൽ അറിയിച്ചു. ഖലീഫ അവന്യു നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, അൽ റയ്യാനിൽ നിന്ന് മദീനത്ത് ഖലീഫ/ദുഃഖാനിലേക്കുള്ള ഹുവാഴ്‌സ് സെന്റ്. റോഡ് ജൂലൈ 13 (ഇന്ന്) അർധരാത്രി 12 മുതൽ പുലർച്ചെ 4 മണി വരെ അടച്ചിട്ടു തുടങ്ങി. ജൂലൈ 20 വരെ 7 ദിവസം ഈ മണിക്കൂറുകളിൽ അടച്ചിടൽ തുടരും. അൽ റയ്യാനിൽ നിന്ന് മദീനത്ത് ഖലീഫയിലേക്കോ ദുഃഖാനിലേക്കോ വരുന്ന യാത്രക്കാർക്ക് ഹുവാർ സ്ട്രീറ്റ് സർവീസ് ഇന്റർചേഞ്ച് വഴി പോകാൻ സൗകര്യമുണ്ട്.

അൽ അസീറിക്കും, ഫലേഹ് ബിൻ നാസെർ ഇന്റർസെക്ഷനും ഇടക്കുള്ള ബു സാമ്രായിലേക്കുള്ള സാൽവ റോഡ് ജൂലൈ 14 നാളെ മുതൽ ജൂലൈ 17 ശനിയാഴ്ച വരെ അടച്ചിടും. അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് ഗതാഗത നിരോധനം. ഐടിഐസ് ഗാണ്ട്രീസിന്റെ ഇൻസ്റ്റലേഷന്റെ ഭാഗമായുള്ള ജോലികളാണ് കാരണം. ഈ സമയത്തെ യാത്രക്കാർ സർവീസ് റോഡ് വഴി തിരിഞ്ഞു പോകണം.

ഖറാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് ടണൽ റോഡ് ജൂലൈ 16 വെള്ളിയാഴ്ച മുതൽ ജൂലൈ 23 വെള്ളിയാഴ്ച വരെ ഒരാഴ്ച്ചക്കാലം നിശ്ചിത മണിക്കൂറുകളിൽ അടച്ചിടും. അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയാണ് യാത്രനിരോധനം. ഖറാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്നവർ സിഗ്‌നലൈസ്ഡ് ഖറഫാത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് വഴി തിരിച്ചു വിടപ്പെടും. ഖലീഫ അവന്യു പ്രോജക്ട് നവീകരണം തന്നെയാണ് കാരണം.

Exit mobile version