സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു

31 ദിവസം കുട്ടികൾക്കും കുടുംബങ്ങൾക്കും അളവില്ലാത്ത വിനോദം നൽകിയതിനു ശേഷം ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാമത്തെ എഡിഷൻ ഓഗസ്റ്റ് 14നു സമാപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.3% വർദ്ധനവുമായി, 100,000 സന്ദർശകരെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് ഈ വർഷത്തെ ഫെസ്റ്റിവൽ സമാപിച്ചത്.

സ്‌പേസ്‌ടൂൺ ടിവിയ്‌ക്കൊപ്പം സംഘടിപ്പിച്ച ഫെസ്റ്റിവലിൽ 10 തീം സോണുകൾ ഉണ്ടായിരുന്നു, കൂടാതെ എല്ലാ ദിവസവും നടത്തുന്ന തത്സമയ പ്രകടനങ്ങൾ, മത്സരങ്ങൾ, കച്ചേരികൾ എന്നിവ പരിപാടിക്ക് കൊഴുപ്പേകി. പ്രശസ്‌ത അറബ് സംഗീതജ്ഞരായ കുവൈറ്റ് ഗായകൻ ഹുമൂദ് അൽഖുദർ, സിറിയൻ കലാകാരന്മാരായ താരേക് അലറാബി ടൂർഗെയ്ൻ, റാഷ റിസ്‌ക്, ഖത്തറി ഗായിക ദാന അൽ മീർ, ഗായകൻ എസ്സാം സുക്കർ എന്നിവരെല്ലാം പങ്കെടുത്തിരുന്നു.

സമാപന ചടങ്ങിൽ പ്രാദേശിക ഗായകസംഘം റൂഹ് അൽ ഷാർഖിൻ്റെ പരിപാടി ഉണ്ടായിരുന്നു. ഖത്തർ ടൂറിസത്തിലെ ഇവൻ്റ്‌സ് ആൻഡ് ഫെസ്റ്റിവൽസ് ടെക്‌നിക്കൽ സപ്പോർട്ട് ആക്റ്റിങ് ഹെഡ് ഹമദ് അൽ ഖാജ ഫെസ്റ്റിവലിൻ്റെ വിജയത്തെക്കുറിച്ച് സംസാരിച്ചു. നിരവധി ടോയ്‌സ് ബ്രാൻഡുകൾ, പ്രകടനങ്ങൾ, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവയുണ്ടായിരുന്ന ഈ വർഷത്തെ ഇവൻ്റ് വലുതും മികച്ചതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വർഷത്തെ ഫെസ്റ്റിവലിൽ വ്യത്യസ്‌തമായ താൽപര്യങ്ങളുള്ളവർക്കായി പ്രീസ്‌കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, ആനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, ഫുഡ് & ബിവറേജ്, തീമിംഗ് ഏരിയ, റീട്ടെയിൽ എന്നിങ്ങനെ പലതരം സോണുകൾ ഉണ്ടായിരുന്നു. 76 മസ്കോട്ടുകളും ബാർബി, മാർവൽ, നരുട്ടോ തുടങ്ങി 50ലധികം അന്താരാഷ്ട്ര ബ്രാൻഡുകളും മിസ്റ്റർ ബീൻ, ബാർണി തുടങ്ങിയവയും ഉൾപ്പെടെ ഓരോ കുട്ടിക്കും ആസ്വദിക്കാൻ നിരവധി കാര്യങ്ങളുണ്ടായിരുന്നു.

Exit mobile version