ഖത്തറിലെ വിതരണക്കമ്പനിയുടെ ആദ്യ ഇന്ത്യൻ ചിത്രം, ‘ദി പ്രീസ്റ്റി’ന് ടിവിയിലും മികവ്

കഴിഞ്ഞ മാർച്ച് 11 ന് ഖത്തർ ബേസ്ഡ് വിതരണക്കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഖത്തറിലും മറ്റു ജിസിസി രാജ്യങ്ങളിലും പ്രദർശനത്തിനെത്തിച്ച മലയാള ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ട്രൂത്ത് ഗ്ലോബലിന്റെ പ്രഥമ സംരംഭം കൂടിയായ ചിത്രം ഖത്തറിൽ നിന്നുള്ള ഒരു ഫിലിം ഡിസ്ട്രിബ്യുഷൻ കമ്പനി ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു. കൊറോണ പ്രതിസന്ധി കാലത്ത് തിയേറ്ററുകൾക്കും മലയാളസിനിമക്കും പുത്തനുണർവ് നൽകി, കേരളത്തിലും ജിസിസിയിലുമായി ഈ വർഷം മലയാളത്തിൽ ഏറ്റവും വിജയമായ ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ് 4) യാണ് ഏഷ്യാനെറ്റിൽ പ്രീമിയർ ചെയ്‌തത്. 

ഇന്ത്യയിലെ ടെലിവിഷൻ പരിപാടികളുടെ ഔദ്യോഗിക റേറ്റിംഗ് ഏജൻസിയായ ബാർക്ക് ഇന്ന് പുറത്തുവിട്ട പ്രതിവാര റേറ്റിംഗ്/TRP കണക്കുകളിൽ ഒരു മമ്മൂട്ടി ചിത്രത്തിന് നാളിതുവരെയുള്ള ഏറ്റവും ഉയർന്ന പോയിന്റുകളാണ് പ്രീസ്റ്റിന് ലഭിച്ചത്. 6.1 മില്യണ് ബാർക്ക് ഇമ്പ്രഷനുകൾ (6161 AMA-ആവറേജ് മിനുട്ട് ഓഡിയൻസ്) ലഭിച്ച പ്രീസ്റ്റ് പോയ വാരം മലയാള ടെലിവിഷനിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ചാനൽ പ്രോഗ്രാമുമായി. ഇത് വരെ സംപ്രേഷണം ചെയ്ത മലയാളസിനിമകളുടെ റേറ്റിംഗ് പട്ടികയിലും ആദ്യനിരയിലേക്കെത്താൻ ചിത്രത്തിനായി. 

8.7 മില്യണ് ബാർക്ക് ഇമ്പ്രഷനുകൾ നേടിയ പുലിമുരുകൻ ആണ് മലയാളത്തിലെ ഏറ്റവും റേറ്റിംഗ് നേടിയ ചിത്രം. ബാഹുബലി 2 (6.69M), ലൂസിഫർ (6.35M), ദൃശ്യം 2 (6.5M), നിലവിൽ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. നേരത്ത ഇന്ത്യയിൽ റേറ്റിംഗ് ഏജൻസിയായി പ്രവർത്തിച്ച ‘ടാമി’ന് നേരെ ഗുരുതര വിശ്വാസ്യത ലംഘനങ്ങൾ ഉയർന്നതിനെത്തുടർന്നു 2015 ഒക്ടോബർ മുതൽ ‘ബാർക്ക്’ റേറ്റിംഗ് ഏറ്റെടുത്ത ശേഷമുള്ള കണക്കുകൾ ആണിവ.

മലയാളം ടിവി റേറ്റിംഗിൽ ബഹുദൂരം മുന്നേറ്റം തുടരുന്ന ഏഷ്യാനെറ്റ് തന്നെയാണ് ഈ ചിത്രങ്ങളെല്ലാം സംപ്രേഷണം ചെയ്തത് എന്ന സവിശേഷതയുമുണ്ട്. നിശ്ചിത വീടുകളിൽ സ്ഥാപിക്കുന്ന മീറ്ററുകളിലൂടെ ശേഖരിക്കുന്ന സാമ്പിൾ വിവരങ്ങളാണ് ടിവി റേറ്റിംഗിന് ആധാരം.

Exit mobile version