റയൽ മാഡ്രിഡ് ഖത്തറിൽ കളിക്കും, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ടിക്കറ്റ് വിൽപ്പന ഈ മാസം ആരംഭിക്കും

FIFA ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തർ 2024 പ്രാദേശിക സംഘാടക സമിതി (LOC) കഴിഞ്ഞ ദിവസം മൂന്ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ തയ്യാറെടുത്തു കഴിഞ്ഞതായി അറിയിച്ചു. നവംബർ 21, വ്യാഴാഴ്ച്ച മുതൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ടൂർണമെൻ്റ് സംഘാടകർ സ്ഥിരീകരിച്ചു, വിസ കാർഡ് ഉടമകൾക്ക് നവംബർ 14 മുതൽ നടക്കുന്ന പ്രീ സെയിൽ പിരീഡിൽ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ട്.

ടൂർണമെൻ്റിൽ ലോകമെമ്പാടുമുള്ള കോണ്ടിനെൻ്റൽ ക്ലബ് ടീമുകൾ ഡിസംബർ 11 മുതൽ 18 വരെ മൂന്ന് കിരീടങ്ങൾക്കായി മത്സരിക്കും. ഡിസംബർ 11ന് ഫിഫ ഡെർബി ഓഫ് ദി അമേരിക്കാസ്, ഡിസംബർ 14ന് ഫിഫ ചലഞ്ചർ കപ്പ് ഖത്തർ 2024, ഡിസംബർ 18ന് ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് എന്നിവയാണ് മത്സരങ്ങൾ.

ചരിത്രപ്രസിദ്ധമായ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ നടന്നു രണ്ട് വർഷം തികയുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് ഇതിന്റെ ഫൈനലും നടക്കുക. അതിനു മുമ്പ് സ്റ്റേഡിയം 974 രണ്ട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. രണ്ട് വേദികളിലെ മുഴുവൻ ടിക്കറ്റുകളും വിൽപ്പനക്കുണ്ട്. കൂടാതെ വികലാംഗരായ ആരാധകർക്കും സീറ്റുകൾ ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കുന്ന ടീമുകൾ ഇവയാണ്:

– സ്പെയിനിൽ നിന്നുള്ള നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാവായ റയൽ മാഡ്രിഡ്
– ഈജിപ്ഷ്യൻ ടീമും CAF ചാമ്പ്യൻസ് ലീഗ് 2024 വിജയികളുമായ അൽ അഹ്ലി
– CONCACAF ചാമ്പ്യൻസ് കപ്പ് 2024ൽ വിജയികളായ മെക്‌സിക്കൻ ടീം പഷൂക്ക
– CONMEBOL കോപ്പ ലിബർട്ടഡോർസ് 2024 വിജയിയാകുന്ന ടീം

ഒരാൾക്ക് ആറ് ടിക്കറ്റ് വീതമാണ് അനുവദിക്കുക. ഔദ്യോഗിക റീസെയിൽ പ്ലാറ്റ്ഫോം പിന്നീടുള്ള ഘട്ടത്തിൽ ലഭ്യമാകും. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം വഴി വാങ്ങുന്ന ടിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

FIFA ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തർ 2024-ൻ്റെ ടിക്കറ്റുകൾ https://www.fifa.com/en/tickets-ൽ മാത്രമേ ലഭ്യമാകൂ.

Exit mobile version