ശമ്പളം ഇല്ലെങ്കിൽ സമരം ചെയ്യുന്നത് നിയമവിരുദ്ധം; പകരം ചെയ്യേണ്ടത്

ഖത്തറിൽ സമരങ്ങളും കൂടിച്ചേരലുകളും നിയമം അനുവദിക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതാധികാരി അറിയിച്ചു. മെസൈമീർ പോലീസ് സ്റ്റേഷൻ തലവൻ കൂടിയായ ലെഫ്.കേണൽ ഖലീഫ സൽമാൻ അൽ മാമറി ആണ്, “പ്രവാസി സമൂഹങ്ങൾക്കിടയിലെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും” എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ സംസാരിക്കവെ, വിവിധ കുറ്റകൃത്യങ്ങൾക്കുള്ള ഖത്തറിലെ ശിക്ഷയും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയത്.

സമീപകാലങ്ങളിലായി ഖത്തറിൽ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ വിസമ്മതിക്കുന്ന കമ്പനികൾക്കെതിരെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് സമരങ്ങളും പ്രതിഷേധങ്ങളും വ്യാപകമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അത്തരം സമരങ്ങളും, കൂടിച്ചേരലുകളും എല്ലാം ഖത്തറിന്റെ ലെജിസ്ലേറ്റീവും മതപരമായതുമായ നിയമങ്ങൾക്ക് എതിരാണ്. ഇത്തരം അവസരങ്ങളിൽ, ജീവനക്കാർ നിയമപരമായ പ്രതിവിധികളാണ് തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകാതെ, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കണമെന്നും ലെഫ്. കേണൽ അൽ മാമറി കൂട്ടിച്ചേർത്തു.

ഖത്തറിൽ തൊഴിലാളി അവകാശ സംരക്ഷണത്തിനായി വിവിധ നിയമങ്ങൾ ഇതിനോടകം പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ, തൊഴിൽപരമായ എല്ലാ പരാതികളും നേരിട്ട് സമർപ്പിക്കാൻ, തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ ഏകീകൃത പോർട്ടലും ആരംഭിച്ചിരുന്നു.

Exit mobile version