ഖത്തർ സൈക്ലിംഗ് പാതകളിൽ തെരുവുനായകൾ പേടിസ്വപ്നമാകുന്നു

ദോഹ: ഖത്തറിലെ ലോകോത്തര സൈക്ലിംഗ് പാതകളിലടക്കം തെരുവനായ ശല്യം രൂക്ഷമാകുന്നതായി പരാതി. വെള്ളിയാഴ്ച അൽ ഖോർ അൽ ബയ്ത്ത് സ്റ്റേഡിയത്തിലെ ഒളിമ്പിക്ക് ട്രാക്കുകളിൽ, ഇന്ത്യക്കാരനായ സൈക്കിൾ യാത്രക്കാരൻ തെരുവ് നായ ആക്രമണത്തിന് ഇരയായതാണ് പുതിയ സംഭവം. സൈക്കിൾ സവാരിയിലായിരിക്കെ, തെരുവു നായകൾ പിന്നാലെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ അൽ ഖോർ ഹോസിപിറ്റലിൽ എത്തിച്ച  അദ്ദേഹത്തിന് കാൽമുട്ടിനും നടുവിനും നെറ്റിക്കും പുറമെ ഒരു തോളെല്ലിനും പരിക്കുണ്ട്. ചില സൈക്കിൾ പാതകൾ വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും തെരുവുനായകൾ വേലി ചാടിക്കടക്കുന്നത് പതിവാണ്. ഇങ്ങനെ ചാടിയെത്തുന്ന നായകൾ തിരിച്ചുപോകാനാവാതെ കാൽനടയാത്രക്കാരെയും സൈക്കിൾ സവാരിക്കാരെയും അക്രമാസക്തമായി പിന്തുടരുകയാണ് ചെയ്യുന്നത്.

ബർവ വില്ലേജ് മുതൽ വക്ര സ്റ്റേഡിയം വരെയുള്ള ലുസൈൽ സ്റ്റേഡിയം പരിസരങ്ങളിലും അൽ ബയത്ത് സ്റ്റേഡിയം, പഴയ എയർപോർട്ട് സമീപ ട്രാക്കുകൾ മുതലായിടത്തും തെരുവുനായ്ക്കൾ കൂട്ടത്തോടെ അലഞ്ഞു നടക്കുന്നതായി പരാതിയുണ്ട്. കുറ്റിക്കാടുകളിൽ ഒളിച്ചും മറ്റും നിൽക്കുന്ന ഈ നായകൾ വഴിയാത്രക്കാർക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഇൻഡസ്ട്രിയൽ ഏരിയ പരിസരങ്ങളിലും (പ്രത്യേകിച്ച് സ്ട്രീറ്റ് 52) തെരുവുനായ ശല്യം രൂക്ഷമാണ്. 

അൽ തുമാമ സൈക്കിൾ പാതകളിലും റാസ്‌ ബു ഫോണ്ടാസ് മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും സമാനസ്ഥിതി തന്നെയാണ് നിലനിൽക്കുന്നത്. ഈ മേഖലകളിൽ പ്രഭാത സവാരിക്കാർക്കും രാത്രി യാത്രക്കാർക്കും പേടിസ്വപ്നം തന്നെയായി ഇത് മാറിയിട്ടുണ്ട്. തെരുവുനായകളെ ഒഴിപ്പിക്കാനോ ഉന്മൂലനം ചെയ്യാനോ സർക്കാർ മുന്നോട്ട് വരണം എന്ന ആവശ്യം ശക്തമാവുകയാണ്.

Exit mobile version