ആഴ്ച്ച തോറും നറുക്കെടുപ്പ്, കൈനിറയെ സമ്മാനങ്ങൾ; ‘ഷോപ്പ് ഖത്തറി’ന് ഇന്ന് തുടക്കമായി

ഖത്തർ ടൂറിസം ഒരുക്കുന്ന ‘ഷോപ്പ് ഖത്തർ’ വാണിജ്യോത്സവത്തിന്റെ തിരിച്ചുവരവിന് ഇന്ന് തുടക്കമായി. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ ഷോപ്പ് ഖത്തർ ഫെസ്റ്റിവൽ ഒക്ടോബര് 10 വരെയാണ് നടക്കുക. ഷോപ്പിംഗും വിനോദവും ഒരുപോലെ സമ്മേളിക്കുന്ന ഷോപ്പ് ഖത്തർ ആഘോഷം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുക. കോവിഡ് കാരണം 18 മാസമായി നിലച്ചുപോയ വാണിജ്യോത്സവത്തിന്റെ അഞ്ചാമത്തേതും ഏറ്റവും വലുതുമായ എഡിഷനാണ് ഇക്കുറി.

ദോഹയുടെ വ്യത്യസ്ത ഭാഗങ്ങളിലുള്ള 15 റീട്ടെയിൽ കേന്ദ്രങ്ങളിലായി 90 ശതമാനം വരെ ഡിസ്കൗണ്ടില് വാണിജ്യവസ്തുക്കളുടെ വിൽപ്പനയാണ് ‘ഷോപ്പ് ഖത്തർ’. എംഷെറെയ്ബ് ഡൗൺടൗൺ ദോഹ, പേൾ ഖത്തർ എന്നിവിടങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും, ഹമദ് ഇന്റര്നാഷണൽ എയര്പോര്ട്ടിൽ ഖത്തർ ഡ്യൂട്ടി ഫ്രീയും മേളയുടെ ഭാഗമാകുന്നതോടെ വാണിജ്യോത്സവത്തിന് അന്താരാഷ്ട്ര നിറം കൈവരുന്നു.  രാജ്യമെമ്പാടുമുള്ള 60 പ്രമുഖ ഹോട്ടലുകൾ കുടുംബങ്ങൾക്ക് ആകര്ഷകമായ ഓഫറുകളും പ്രമോഷനുകളുമായി മേളയിലുണ്ടാകും.

നാല് പ്രതിവാര നറുക്കെടുപ്പിലൂടെ നാല് മില്യൺ റിയാലിൽ കൂടുതൽ പണവും കാറുകളും ഉൾപ്പെടെയുള്ള നൂറുകണക്കിന് സമ്മാനങ്ങളും ഷോപ്പ് ഖത്തർ ഉപഭോക്താക്കൾക്ക് നൽകും. Q200 ൽ കൂടുതൽ വിലയുള്ള സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ ഭാഗമാകാം. ആദ്യ നറുക്കെടുപ്പ് സെപ്റ്റംബർ 17 വെള്ളിയാഴ്ച. ആയിരക്കണക്കിന് ഖത്തര് ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് വൗച്ചറുകള് നേടാനും ഷോപ്പർമാർക്ക് അവസരമുണ്ട്.

ഖത്തര്-യുഎസ്എ സാംസ്‌ക്കാരിക വർഷത്തെ ആഘോഷമാക്കുന്ന പോപ്പ്-അപ്പ് ഷോപ്പുകൾ, ഡിസൈൻ വര്ക്ക്ഷോപ്പുകൾ, രണ്ട് അന്താരാഷ്ട്ര ഫാഷന് ഷോകൾ എന്നിവ മേളയുടെ ആകർഷണമാണ്. മുശൈരിബ് ഡൗണ് ടൗണിലെ ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ ആദ്യമായി ഷോപ്പ് ഖത്തർ ഡിസൈൻ വീക്കും അരങ്ങേറും.

Exit mobile version