ലുസൈൽ സർക്യൂട്ടിൽ ഫോർമുല 1 ഇവന്റ് നടക്കുന്നതിന്റെ ഭാഗമായി, റെഡ് ലൈൻ മെട്രോ നവംബർ 19 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആന്റ് ലുസൈൽ ട്രാം ട്വിറ്ററിൽ അറിയിച്ചു. ഗ്രീൻ ആൻഡ് ഗോൾഡ് ലൈനുകൾ പതിവുപോലെ ഉച്ചക്ക് 2 മണി മുതലാണ് സർവീസ് ആരംഭിക്കുക.
ഖത്തറിൽ നടക്കുന്ന ആദ്യത്തെ ഫോർമുല വൺ റേസ് ഞായറാഴ്ച ഐക്കണിക് ലോസെയിൽ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ്ബിലാണു (എൽസിഎസ്‌സി) അരങ്ങേറുക. റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനും മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടണും അടക്കമുള്ളവർ ടൈറ്റിൽ പോരാട്ടത്തിൽ ഏറ്റുമുട്ടും.
ഖത്തർ മോട്ടോർ & മോട്ടോർസൈക്കിൾ ഫെഡറേഷനും (ക്യുഎംഎംഎഫ്) എഫ്1ഉം ചേർന്നു കഴിഞ്ഞ മാസം നടത്തിയ 11-റേസ് ലാൻഡ്മാർക്ക് ഡീലാണ് ഖത്തറിലെ ആദ്യത്തെ ഫോർമുല വൺ റേസിന് ആധാരം. ‘ഉരീദു ഖത്തർ ഗ്രാൻഡ് പ്രിക്സ് 2021’ എന്ന പേരിലാണ് റേസ് അരങ്ങേറുക.
2023 മുതൽ 2032 വരെ പത്ത് F1 റേസുകൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് നടക്കുന്നതിനാൽ 2022 ൽ മത്സരം ഒഴിവാക്കിയിട്ടുണ്ട്.