ഇന്ന്, ഒക്‌ടോബർ 11 വെള്ളിയാഴ്ച്ച രാവിലെ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ റിപ്പോർട്ട് ചെയ്‌തുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും അവർ മുന്നറിയിപ്പ് നൽകി.
അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. വാരാന്ത്യത്തിൽ മഴ പെയ്തേക്കാമെന്ന് ക്യുഎംഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും ക്യുഎംഡി നിർദേശിച്ചു.
സാവധാനം പാതകൾ മാറ്റുക, വേഗത കുറയ്ക്കുക, ഹെഡ്‌ലൈറ്റുകൾ ഓണാക്കുക, മറ്റ് കാറുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, ഫോൺ ഉൾപ്പെടെ ശ്രദ്ധ മാറ്റുന്ന ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക, വെള്ളം കയറിയ റോഡുകൾ ഒഴിവാക്കുക എന്നിങ്ങനെ സുരക്ഷാമുൻകരുതലുകളും അവർ പങ്കിട്ടു.
വാരാന്ത്യത്തിൽ കൂടുതൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉണ്ടാകുമെന്നാണ് വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞ താപനില 28°C മുതൽ കൂടിയ താപനില 37°C വരെയാണ് പ്രതീക്ഷിക്കുന്നത്.