ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ (RELI.NS) റീട്ടെയിൽ വിഭാഗത്തിൽ മൈനോറിറ്റി ഓഹരികൾ വാങ്ങാൻ ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ട് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.
ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ ഏകദേശം 1% ഓഹരികൾക്കായി 1 ബില്യൺ ഡോളർ നിക്ഷേപം നടത്തും. ഏകദേശം 100 ബില്യൺ ഡോളറിന്റെ ബിസിനസ്സ് മൂല്യമാണ് ഇതിൽ പ്രതീക്ഷിക്കപ്പെടുന്നത്.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസിന്റെ (RELI.NS) ഓഹരികൾ 2.1% വരെ ഉയർന്നു. ഒരാഴ്ചയ്ക്കിടെ ശതമാനത്തിലുണ്ടായ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ഇത്.
ഒരു ഘട്ടത്തിൽ തന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്യാൻ താൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ പദ്ധതികളുടെ സമയക്രമമോ വിശദാംശങ്ങളോ ഇതുവരെ തീരുമാനിച്ചില്ലെന്നും അംബാനി പറഞ്ഞിരുന്നു. റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിൽ അന്താരാഷ്ട്ര പങ്കാളിത്തം, ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ്സ് തുടങ്ങിയ റീട്ടെയിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് ഡിജിറ്റൽ, ബ്രിക്ക് ആൻഡ് മോർട്ടാർ സ്റ്റോറുകൾ ഉൾപ്പെടെയുള്ള പ്രധാന റീട്ടെയിൽ ബിസിനസുകളുണ്ട്.
ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി ബർബെറി, പ്രെറ്റ് എ മാംഗർ, ടിഫാനി തുടങ്ങിയ ആഗോള ബ്രാൻഡുകൾ സമീപ വർഷങ്ങളിൽ റിലയൻസ് റീട്ടെയ്ലുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഖത്തരി സോവറിൻ വെൽത്ത് ഫണ്ട് ഇതുവരെ കരാറിന് അന്തിമ അംഗീകാരം നൽകിയിട്ടില്ല. ക്യുഐഎയും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സും വാർത്തകളോട് പ്രതികരിച്ചില്ല.
2020-ൽ, റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കെകെആർ, ജനറൽ അറ്റ്‌ലാന്റിക്, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, യുഎഇയുടെ മുബദാല ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് 10.09% ഓഹരി വിറ്റുകൊണ്ട് 472.65 ബില്യൺ രൂപ (5.77 ബില്യൺ ഡോളർ) സമാഹരിച്ചിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j